പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു

കോട്ടയം: പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു. 81 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണാന്തര ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊറോണ ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുൻപ് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു.
ആലപ്പുഴ നെടുമുടിയിലെ മാത്തൂർ തറവാട്ടിൽ 1940 ഒക്ടോബർ അഞ്ചിനായിരുന്നു ജനനം. തന്റെ ഗുരുവായിരുന്ന കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകളെയാണു മാത്തൂർ വിവാഹം ചെയ്തത്. തുടർന്ന് നെടുമുടിയിൽ നിന്നു കുടമാളൂരിലെ അമ്പാടി വീട്ടിലേക്കു താമസം മാറി. ചെണ്ട വിദ്വാൻ ഗോപീകൃഷ്ണൻ, കഥകളി നടൻ കുടമാളൂർ മുരളീകൃഷ്ണൻ എന്നിവർ മക്കളാണ്.
പതിനാലാം വയസ്സു മുതൽ കഥകളി അഭ്യസിച്ചു തുടങ്ങി. മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി എന്നിവരോടൊപ്പം കഥകളിയിലെ ഒട്ടുമിക്ക നായികാ വേഷങ്ങളും ഗോവിന്ദൻ കുട്ടി അവതരിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര– സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.