റാഗിങ്: രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണ; മാംഗളുരുവിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളുരു: മാംഗളുരുവിൽ റാഗിങ് കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളുരു ഉള്ളാൾ കനച്ചൂർ മെഡിക്കൽ സയൻസിലെ ഫിസിയോതെറാപ്പി, നഴ്‌സിങ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മംഗളൂരുവിൽ റാഗിംഗിന്റെ പേരിൽ കുട്ടികൾ അറസ്റ്റ് ചെയ്യപ്പെടുന്നത്. കോഴിക്കോട്, കോട്ടയം, കാസർകോട്, പത്തനംതിട്ട സ്വദേശികളാണ് ഇവർ. മംഗളുരു പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോളേജിൽ ജൂനിയറായി എത്തിയ അഞ്ച് മലയാളി വിദ്യാർത്ഥികളെയാണ് സംഘം റാഗ് ചെയ്തത്.
റാഗിങ്ങിനിരയായ വിദ്യാർഥികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മംഗളൂരു ദർളക്കട്ടെ കനച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളായ വടകര പാലയാട് സ്വദേശി മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നം സ്വദേശി റോബിൻ ബിജു (20), വൈക്കം എടയാർ സ്വദേശി ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗർ സ്വദേശി ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കാണക്കാരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.
ജൂനിയറായി എത്തിയ വിദ്യാർത്ഥികളുടെ മുടി മുറിപ്പിക്കുക, താടി വടിപ്പിക്കുക, തീപ്പെട്ടി കൊള്ളി കൊണ്ട് മുറിയുടെ അളവ് എടുപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി പരാതിയിൽ പറയുന്നു. റാഗിങിന് ഇരയായ വിദ്യാർത്ഥികൾ ആദ്യം മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് പോലീസ് കോളേജിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേഹോപദ്രവം ഏൽപ്പിച്ചു, സംഘം ചേർന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കർണാടക വിദ്യാഭ്യാസ നിയമ പ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്.