വോട്ടർമാർക്ക് പണം വിതരണം ചെയ്ത് പ്രചാരണം; വൈറലായി അണ്ണാഡിഎംകെ സ്ഥാനാർത്ഥി

ചെന്നൈ: വ്യത്യസ്തമായ ഒരു പ്രചാരണമാണ് തമിഴ്നാട്ടിൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥി നടത്തിയിരിക്കുന്നത്. ദിണ്ടിഗൽ അണ്ണാഡിഎംകെ സ്ഥാനാർത്ഥി എൻ ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്ത് പ്രചാരണം നടത്തിയത്. മുതിർന്ന നേതാവും തമിഴ്നാട് മുൻമന്ത്രി കൂടിയാണ് എൻ ആർ വിശ്വനാഥൻ. വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്. സംഭവത്തിൽ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നാണ് സൂചന.
പണത്തിന്റെയും പാരിതോഷികങ്ങളുടെയും കുത്തൊഴുക്കാണ് തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുടനീളം നടക്കുന്നത്. വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിരന്ന് നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിലെ പാത്രത്തിൽ ഒരാൾ കറൻസി നോട്ടുകൾ ഇട്ട് നൽകുന്നതും പ്രായമായ ഒരാൾക്ക് സ്ഥാനാർത്ഥി നേരിട്ട് പണം നൽക്കുന്നതും വീഡിയോയിൽ കാണാം. സ്ഥാനാർഥിക്കെതിരെ നിയമനടപടികളുണ്ടാകുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.