പച്ചെച്ചെങ്കൊടി പാറുമോ മലപ്പുറത്ത്
പാറട്ടങ്ങിനെ പാറട്ടെ… പച്ചച്ചെങ്കൊടി പാറട്ടെ…… മലപ്പുറത്തു നിന്നും ഇത്തരത്തിലൊരു മുദ്രാവാക്യം ഉയരുന്നതിനിനി അധികനാളെടുക്കേണ്ടി വരില്ല. അവിഭക്ത കോഴിക്കോട് ജില്ലയില്‍ കിലോമീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിച്ച് കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുത്ത ആര്യാടന്‍ മുഹമ്മദ് എന്ന പടക്കുതിരയെ പിണക്കിയതാണ് ഇതിനു കാരണം. ആര്യാടന്‍ മുഹമ്മദ് പ്രായമായതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
എന്നാല്‍ സംഘടനാതലത്തില്‍ താഴേത്തട്ടുമുതല്‍ പ്രവര്‍ത്തിച്ച് കയറിവന്ന അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തിയതോടെയാണ് യുഡിഎഫിന്റെ അടിത്തറയ്ക്ക് ഇളക്കം തട്ടാന്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെ ഏറ്റവും ഭയത്തോടെ വീക്ഷിക്കുന്നത് യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലീം ലീഗാണ്. ലീഗിനെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്യാടന്‍ മുഹമ്മദ് യുഡിഎഫ് വിട്ടാല്‍ മുസ്ലീംലീഗിന്റെ അടിത്തറ ഇളകുമെന്ന് അവര്‍ക്ക് ഉത്തമബോധ്യമുണ്ട്.
ഇന്നുവരെ മലപ്പുറം ഡിസിസി നേതൃത്വത്തെ തീരുമാനിച്ചിരുന്ന പാണക്കാട് കുടുംബവീട്ടിലെ തിട്ടൂരങ്ങള്‍ താന്‍ അനുസരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറയാതെ പറഞ്ഞിരിക്കുകയാണ്. സരിത കേസില്‍ തനിക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട ആര്യാടന്‍ മുഹമ്മദിനെ, വ്യക്തി വിരോധം മൂലമോ അല്ലെങ്കില്‍ വ്യക്തിതാത്പര്യം വിജയിപ്പിക്കാനോ ഹൈക്കമാന്‍ഡിന്റെ കണ്ണിലുണ്ണിയായ കെ.സി. വേണുഗോപാല്‍ ഒരു മൂലയിലേക്ക് ഒതുക്കി നിര്‍ത്തി. ഇതോടെ ദേശീയ മുസ്ലീം വോട്ട് ബാങ്ക് യുഡിഎഫിന് നഷ്ടമാവാനുള്ള സാധ്യത മുന്നില്‍ തെളിയുകയാണ്.
മുസ്ലീം മതവര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ എന്നും സന്ധിയില്ലാത്ത പോരാട്ടം നയിച്ച മതേതരവാദിയാണദ്ദേഹം. ദേശീയ മുസ്ലീങ്ങള്‍ക്കൊപ്പം ഹിന്ദു ക്രിസത്യന്‍ വിഭാഗങ്ങളുടെ പിന്തുണയും ആര്യാടന്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെയും പി.ഡി.പിയുടെയും വോട്ടുവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള തന്റേടവും ആര്യാടന്‍ എത്രയോ മുന്‍പ് തന്നെ കാട്ടിയിട്ടുണ്ട്. ലീഗിന് മുന്നില്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ആര്യാടന്‍ മുഹമ്മദ്.
‘പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍’ എന്ന് മുസ്ലീം ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ വിഭജന രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യക്കൊപ്പം നിന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശം നെഞ്ചേറ്റുന്നവരാണ് ദേശീയ മുസ്ലീങ്ങള്‍. മതേതര നിലപാടുയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദേശീയ മുസ്ലീങ്ങള്‍ക്ക് ആര്യാടനുമായുള്ളത് വൈകാരികമായ ആത്മബന്ധം തന്നെയാണ്. ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തിയതില്‍ ആര്യാടന്‍ മുഹമ്മദ് കട്ടക്കലിപ്പിലാണ്. അദ്ദേഹവും അനുയായികളും തിരിച്ചടിച്ചാല്‍ മലപ്പുറത്ത് മുസ്ലിം ലീഗിന്റെ കോട്ടകളിലാണ് വിള്ളലുണ്ടാകുക.
മുന്‍ മന്ത്രി എ.പി. അനില്‍കുമാറിന്റെ കൈകളില്‍ മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ജോയിയെ കെ.സി വേണുഗോപാല്‍ ഇടപെട്ട് അവരോധിച്ചിരിക്കുന്നത്. 70 ശതമാനം മുസ്ലീങ്ങളുള്ള മലപ്പുറം ജില്ലയില്‍ ദേശീയ മുസ്ലീം പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന മതേതരനിലപാടുള്ള എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടിനിരത്തിയതില്‍ കോണ്‍ഗ്രസ്സ് അനുകൂല ദേശീയ മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിഷേധം ശക്തമായാല്‍ ജില്ലയില്‍ യുഡിഎഫ് ശരിക്കും പ്രതിരോധത്തിലാകും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലവും 48 ലക്ഷം ജനസംഖ്യയുമുള്ള വലിയ ജില്ലയാണ് മലപ്പുറം. 16 നിയോജകമണ്ഡലങ്ങളുള്ള ഈ ജില്ലയാണ് മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഏക ശക്തികേന്ദ്രം. മലപ്പുറത്ത് ലീഗിന് 12 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് എ.പി. അനില്‍കുമാറും സിപിഎമ്മിന് കെ.ടി. ജലീലും വി. അബ്ദുറഹിമാനും പി.വി. അന്‍വറും പി. നന്ദകുമാറുമടക്കം നാല് പേരും നിലവിലുണ്ട്. കോണ്‍ഗ്രസ് പിളര്‍ന്നാല്‍ ജില്ലയില്‍ കനത്ത മത്സരമായിരിക്കും ലീഗ് നേരിടേണ്ടി വരിക. പഴയതുപോലെ, പതിനായിരങ്ങളുടെ ഭൂരിപക്ഷം നല്‍കുന്ന പച്ചകോട്ടകളല്ല ഇപ്പോള്‍ മലപ്പുറത്തെ മണ്ഡലങ്ങള്‍.
മുപ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് ലീഗ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചിരുന്ന താനൂരില്‍ രണ്ടാം തവണയും വി. അബ്ദുറഹിമാനാണ് വിജയിച്ചിരിക്കുന്നത്. ലീഗിന്റെ യുവതുര്‍ക്കി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ രംഗത്തിറക്കിയിട്ടു പോലും താനൂര്‍ പിടിക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണയില്‍ കേവലം 38 വോട്ടുകള്‍ക്കാണ് ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. എന്നും ലീഗിനെ മാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ള തിരൂരങ്ങാടിയില്‍ കെ.പി.എ മജീദ് കേവലം 9,578 വോട്ടിനാണ് വിജയിച്ചത്.
ആര്യാടന്‍ എഫക്ട് ഏറ്റാല്‍ മലപ്പുറം ജില്ലയില്‍ മാത്രമല്ല കോഴിക്കോടും കാസര്‍ഗോഡും പാലക്കാടുമെല്ലാം സമ്മര്‍ദത്തിലാകും. നിലവില്‍ 15 എംഎല്‍എമാരുള്ള ലീഗിന് രണ്ട് എംഎല്‍എമാര്‍ മാത്രമായി ചുരുങ്ങിയേക്കും. അതോടൊപ്പം കേവലം 21 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് മലബാറില്‍ നിന്നും ഒറ്റ സീറ്റിലും വിജയിക്കാനാവുകയുമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കുത്തകയായ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളും നഷ്ടമാകും.
കോണ്‍ഗ്രസിന് വിജയ സാധ്യത ഉള്ള മലബാറിലെ ഏക മണ്ഡലം വയനാട് മാത്രമാണ്. ഈ മണ്ഡലത്തില്‍ വിജയിക്കാനും അവര്‍ക്ക് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും. ആര്യാടന്‍ ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ ദേശീയ മുസ്ലീം വോട്ടുബാങ്ക് ഇടതുപക്ഷത്തേക്ക് കൊണ്ടുപോകാന്‍ രാഷ്ട്രീയ തന്ത്രജ്ഞനായ ആര്യാടന് എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ട്. 1956ല്‍ വണ്ടൂരില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നേതാവാണ് ആര്യാടന്‍ മുഹമ്മദ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായ നിലമ്പൂരില്‍ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചാണ് ആര്യാടന്‍ മുഹമ്മദ് ഐഎന്‍ടിയുസിയെയും കോണ്‍ഗ്രസിനെയും കെട്ടിപ്പടുത്തതത്. നിലമ്പൂരില്‍ നിന്നും അതിരാവിലെ സൈക്കിളില്‍ 30 കിലോമീറ്ററിലേറെ സഞ്ചരിച്ച് പീടികകോലായകളിലും പാര്‍ട്ടി ഓഫീസുകളിലും അന്തിയുറങ്ങിയാണ് ആര്യാടന്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയെടുത്തത്.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം പോയതോടെ ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ വലിയ വിള്ളല്‍ വീണ കോണ്‍ഗ്രസിന് മുസ്ലീങ്ങളുടെ കൊഴിഞ്ഞുപോക്കോടെ കേരള ഭരണവും കിട്ടാക്കനിയായി മാറിയേക്കും. ആര്യാടന്മാര്‍ തങ്ങളുടെ പക്ഷത്തേക്കുവന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ ആര്യാടന്മാര്‍ക്കേറ്റ മുറിവിന്റെ ആഴം അറിഞ്ഞുതന്നെയാണ്.