സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആലോചനയില്‍; ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ലോക്ഡൗണിന് സമാനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മേയ് നാല് മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ല. ഓക്സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. മാര്‍ക്കറ്റുകളിലെ കടകള്‍ നിശ്ചിത സമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ നിന്നുള്ള വ്യക്തിയുമായി യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടുപേരും രണ്ട് മാസ്‌ക്കുകള്‍ ധരിക്കണം. അനാവശ്യമായ ഭീതിയല്ല, ജാഗ്രതയാണ് നമുക്ക് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.