കോയമ്പത്തൂരിൽ എംബിഎ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു

കോയമ്പത്തൂരിൽ 19 വയസ്സുകാരി എംബിഎ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. നഗരത്തിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള വൃന്ദാവൻ നഗറിൽ സുഹൃത്തുമായി കാറിൽ സംസാരിച്ചുകൊണ്ടിരിക്കെ മൂന്നു പേരടങ്ങിയ സംഘം ആക്രമണം നടത്തുകയായിരുന്നു.
ഇരുചക്രവാഹനത്തിൽ എത്തിയ പ്രതികൾ ആദ്യം കാറിൽ ഉണ്ടായിരുന്ന യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചശേഷം വിദ്യാർത്ഥിനിയെ ബലമായി കാറിൽ നിന്ന് തട്ടിക്കൊണ്ടുപോയി. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും, തുടർന്ന് അവളെ നഗ്നാവസ്ഥയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു.
പരുക്കേറ്റ യുവാവ് ഉടൻ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന്, നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള സ്വകാര്യ കോളേജിന്റെ പിന്നിലെ പ്രദേശത്ത് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പുലർച്ചെ 4 മണിയോടെയാണ് അവളെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രതികൾ കോവിൽപാളയം പ്രദേശത്ത് നിന്ന് മോഷ്ടിച്ച ഇരുചക്രവാഹനത്തിൽ സംഭവസ്ഥലത്തെത്തിയതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു. പ്രതികളെ പിടികൂടാൻ ഏഴ് പ്രത്യേക പൊലീസ് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുന്നു. പരുക്കേറ്റ യുവാവിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Tag: MBA student gang-raped, stripped naked and dumped on road in Coimbatore



