‘വർഗീയത വേണ്ട തൊഴിൽ മതി’ പക്ഷെ ആർക്ക്? എൻറെ ഭാര്യക്ക്; എം.ബി രാജേഷിനെ ട്രോളി ട്രോളന്മാർ

മലപ്പുറം: സി.പി.എം മുൻ എം.പി എം.ബി രാജേഷിനെ ട്രോളി ട്രോളന്മാർ. ജാതിയും മതവുമില്ലാത്ത രാജേഷിന് എന്നാൽ ഭാര്യക്ക് ജോലി വാങ്ങികൊടുക്കാൻ മുസ്ലിം സമുദായ സംവരണം വേണ്ടി വന്നതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. കാലടി സംസ്കൃത സർവകലാശാലയിലാണ് അനധികൃതമായി നിയമനം നേടിയത്.
കുട്ടിയെ സ്കൂളിൽ ചേർത്തുമ്പോൾ ജാതി കോളത്തിൽ ‘ജാതിയില്ല’ എന്ന് എഴുതി വിപ്ലവം സൃഷ്ടിച്ച സഖാവിനു ഭാര്യക്ക് ജോലി നേടാൻ മുസ്ലിം സംവരണം വേണം. അധികാരം ഉപയോഗിച്ചും, രാഷ്ട്രീയ പ്രചരണം നടത്തിയും സാമുദായിക സംവരണമെന്ന പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശം ഇല്ലാതാക്കുക മാത്രമല്ല അതെ അവകാശത്തിൻറെ ആനുകൂല്യം പറ്റി അർഹരായവരുടെ അവകാശം അധികാര സ്വാധീനം ഉപയോഗിച്ച് കൊണ്ട് അപഹരിക്കുക കൂടി ചെയ്യുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നില്ല. കാരണം നിങ്ങൾക്ക് അതിനു കഴിയും’ എന്നാണ് വാർത്തയുടെ അടിയിൽ വന്ന കമൻറുകളിലൊന്ന്.
ജാതിയില്ല എന്ന് മകളുടെ സ്കൂൾ പ്രവേശന സമയത്ത് രാജേഷ് എഴുതിയെന്ന വാർത്തയും ചിലർ കുത്തിപ്പൊക്കിയിട്ടുണ്ട്. ‘വർഗീയത വേണ്ട തൊഴിൽ മതി, പക്ഷെ ആർക്ക്? എൻറെ ഭാര്യക്ക് എം ബി രാജേഷ്’ എന്നാണ് ഒരാൾ ട്രോളുകൾക്കടിയിൽ കുറിച്ചിരിക്കുന്നത്. കാലടി സംസ്കൃത സർവകലാശാലയിലെ 55ലധികം അധ്യാപക തസ്തികകളിലേക്ക് ചട്ടങ്ങൾ കാറ്റിൽപറത്തിയും കോടതി ഉത്തരവ് ലംഘിച്ചും നിയമനം നടത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗമാണ് റാങ്ക് ലിസ്റ്റ് അംഗീകരിക്കാനും അടിയന്തരമായി നിയമനം നടത്താനും തീരുമാനിച്ചതെന്നാണ് സൂചന.
ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ച് നിയമനകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമടക്കം സർവകലാശാല പൂർണമായും അടച്ചപ്പോഴും കഴിഞ്ഞ മാസം 22ന് ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി അഭിമുഖവും സിൻഡിക്കേറ്റ് ഉപസമിതി യോഗവും നടന്നിരുന്നു. സിൻഡിക്കേറ്റ് യോഗം നടന്ന ദിവസം രാത്രി വൈകിയും ഉദ്യോഗാർഥികൾക്ക് ഫോണിലൂടെ നിയമന ഉത്തരവ് നൽകി. ഇവർ ജോലിയിൽ പ്രവേശിച്ചതോടെയാണ് ക്രമക്കേട് പുറംലോകം അറിയുന്നത്.
ഏറെനാളത്തെ അധ്യാപന പരിചയവും മറ്റ് യോഗ്യതകളുമുള്ളതെന്ന് അഭിമുഖ സമിതിതന്നെ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗാർഥികളെ ഒഴിവാക്കി റാങ്ക്ലിസ്റ്റിൽ വളരെ പിറകിലുള്ള സി.പി.എം മുൻ എം.പി എം.ബി രാജേഷിൻറെ ഭാര്യ നിനിതക്ക് നിയമനം നൽകിയെന്ന് സർവകലാശാല സംരക്ഷണ സമിതി ആരോപിക്കുന്നു. 2019 സെപ്റ്റംബർ 26നാണ് അധ്യാപക നിയമനത്തിന് ആദ്യ വിജ്ഞാപനം സർവകലാശാല പുറത്തിറക്കിയത്.
സംവരണക്രമം തെറ്റിച്ചതായി കോടതിയിൽ പരാതി ലഭിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 30ന് പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് വിജ്ഞാപനത്തിലും സംവരണക്രമവും വിവിധ അധ്യാപക തസ്തികകളും സംബന്ധിച്ച വിവരങ്ങളിൽ മാറ്റം വരുത്തിയിരുന്നു. രണ്ടാം വിജ്ഞാപനത്തിലെ മാറ്റങ്ങൾ സിൻഡിക്കേറ്റിെൻറ അനുമതിയില്ലാതെയാണ് വൈസ് ചാൻസലർ അംഗീകരിച്ചത്.
അധ്യാപക തസ്തികകൾ തോന്നിയ പോലെ വിവിധ വകുപ്പുകളിലേക്ക് മാറ്റിയും പ്രഫസർ, അസോ. പ്രഫസർ എന്നിവ അസി. പ്രഫസർ തസ്തികകളായി പുനഃക്രമീകരിച്ചുമാണ് വിജ്ഞാപനം ഇറക്കിയത്. സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി യു.ജി.സി നിർദേശങ്ങൾ ലംഘിച്ചും സംവരണ തത്ത്വങ്ങൾ അട്ടിമറിച്ചും നടത്തുന്ന നിയമനങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുമെന്ന് സർവകലാശാല സംരക്ഷണ സമിതി അറിയിച്ചു.