ഭക്ഷ്യകിറ്റ് കേന്ദ്രം നൽകുന്നതെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും കൊടുക്കണ്ടേ? അത് വ്യാജപ്രചാരണമാണ്; മുഖ്യമന്ത്രി

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകൾ കേന്ദ്ര സർക്കാർ നൽകുന്നതാണെന്ന വ്യാജ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. അത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പിണറായി വിജയൻ തുറന്നടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും. ഇടതുപക്ഷത്തിൻറെ ജനപ്രീതിയിൽ എതിരാളികൾക്ക് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച് ചർച്ചകൾ വഴിതിരിച്ച് വിടാനാണ് പ്രതിപക്ഷത്തിൻറെ ശ്രമമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഭക്ഷ്യകിറ്റ് കേന്ദ്രസർക്കാർ നൽകുന്നതാണെന്ന തരത്തിൽ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും അങ്ങനെയെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ് കൊടുക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കർഷക സമരവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസിൻറെ എത്ര എം.പിമാർ കർഷക സമരത്തിൽ പങ്കെടുത്തുവെന്നായിരുന്നു പിണായിയുടെ ചോദ്യം. പല സംസ്ഥാനങ്ങളിലും ബിജെപിയെ പ്രതിരോധിക്കുന്നതിനായാണ് കോൺഗ്രസിനെ ജയിപ്പിച്ചത്. എന്നിട്ടും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയി. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയുന്ന സാഹചര്യമല്ല രാജ്യത്ത് നിലനിൽക്കുന്നത് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബിജെപിക്കെതിരായ പോരാട്ടമായി ഉയർത്തിക്കാണിക്കുന്നത് നേമത്തെയാണ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമം നിയമസഭാ മണ്ഡലത്തിൽ നഷ്ടമായ വോട്ടുകളെ കുറിച്ച് കോൺഗ്രസ് ആദ്യം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും ബി.ജെ.പിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് പരസ്പരം സഹകരിച്ചാണ് മത്സരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.