സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയായതിനുപിന്നാലെ എം.സി കമറുദീൻ യുഡിഎഫ് ജില്ല ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്തേക്ക്

കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പ്രതിയായ എം.സി കമറുദീൻ എംഎഎൽയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുകയും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മർദ്ദം ഏറിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ടി. ഇ.അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്. മുൻ എംഎൽഎ പി ബി അബ്ദുൽ റസാഖ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് സ്ഥാനം രാജിവെച്ച കമറുദ്ദീൻ യുഡിഎഫ് ജില്ലാ ചെയർമാൻ ആയി തുടരുകയായിരുന്നു.
ജ്വല്ലറിയ്ക്ക് വേണ്ടി കമറുദ്ദീനും സംഘവും ചേർന്ന് നിരവധി പേരിൽ നിന്നും നൂറ്റിമുപ്പത് കോടിയിലധികം രൂപ നിക്ഷേപമായി സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. ഒന്നര വർഷം മുൻപ് സ്ഥാപനം പൂട്ടി പോയതോടെ തുക തിരിച്ചു കിട്ടാത്ത സാഹചര്യത്തിൽ 17 പേർ നിലവിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചന്തേര പോലീസ് സ്റ്റേഷനിൽ 12 ഉം, കാസർഗോഡ് ടൗൺ സ്റ്റേഷനിൽ 5 ഉം കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊത്തം ഒരു കോടി 83 ലക്ഷം രൂപ തിരിച്ചു കിട്ടാനുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.