തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്; “പറ്റിയത് തെറ്റാണ്” എന്ന് രോഗിയുടെ ബന്ധുവിനോട് ഡോക്ടർ സമ്മതിക്കുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ് സംബന്ധിച്ച ഡോ. രാജീവ് കുമാറിന്റെ ശബ്ദരേഖ പുറത്ത്. സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നതെന്നും “പറ്റിയത് തെറ്റാണ്” എന്നും രോഗിയുടെ ബന്ധുവിനോട് ഡോക്ടർ സമ്മതിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എക്സ്റേയിൽ നിന്നാണ് സംഭവം അറിഞ്ഞതെന്നും, മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശ്രീചിത്ര ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയിരിക്കുന്നത് ഗൈഡ് വയറാണെന്ന് കണ്ടെത്തിയത്. രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്.
ട്യൂബ് കുടുങ്ങിയ വിവരം അറിഞ്ഞിട്ടും ഡോ. രാജീവ് കുമാർ മറച്ചുവച്ചെന്നാരോപിച്ച് സുമയ്യയുടെ ബന്ധുക്കൾ രംഗത്തെത്തി. വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടർ തന്നെ പണം നൽകിയെന്നും ബന്ധു വെളിപ്പെടുത്തി. രണ്ട് പ്രാവശ്യമായി 6,590 രൂപ വീതം അയച്ചതായി സ്ക്രീൻഷോട്ടുകളുമുണ്ട്.
2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയപ്പോൾ, ഡോ. രാജീവ് കുമാർ നടത്തിയ ശസ്ത്രക്രിയയിൽ തെെറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈൻ സ്ഥാപിച്ചപ്പോൾ, അതിന്റെ ഗൈഡ് വയർ തിരികെ എടുത്തില്ല. ഇതാണ് ദുരിതത്തിന് കാരണമായത്.
പിന്നീട് ശ്രീചിത്രയിലടക്കം വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ വയർ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി വയർ പുറത്തെടുക്കാനാകില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. ഗുരുതരമായ ചികിത്സാപിഴവിന് ഉത്തരവാദികളെതിരെ നടപടി വേണമെന്നും, തനിക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു.
Tag: Medical malpractice at Thiruvananthapuram General Hospital; Audio recording of doctor admitting to patient’s relative that “what happened was wrong” released