തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡോ. രാജീവ് കുമാറിനെതിരെ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ പരാതിക്കാരിയായ സുമയ്യയുടെ കുടുംബം. ഡോ. രാജീവ് കുമാറിനെതിരെ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. സുമയ്യയുടെ സഹോദരനാണ് പരാതി നൽകിയിരിക്കുന്നത്. നാളെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് ഇതിനകം വിശദീകരണം നൽകിയിരുന്നു. ട്യൂബ് ഉള്ളതിനാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയെങ്കിലും, ശസ്ത്രക്രിയ പിഴവ് നേരത്തെ അറിഞ്ഞിരുന്നുവെന്ന കാര്യം ആരോഗ്യവകുപ്പ് സമ്മതിച്ചു. പരാതി ലഭിക്കുന്നതിന് മുൻപേ തന്നെ അന്വേഷണം നടത്തിയെന്നും, 2025 ഏപ്രിലിൽ വിദഗ്ധസമിതി രൂപീകരിച്ച് ശ്രീചിത്ര മെഡിക്കൽ സെൻററിൽ അഭിപ്രായം തേടിയെന്നും വകുപ്പ് അറിയിച്ചു. പരാതി ലഭിച്ചാൽ വിഷയം വിദഗ്ധസമിതിക്ക് കൈമാറി നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.
അതേസമയം, ചികിത്സാ പിഴവ് സമ്മതിക്കുന്ന തരത്തിൽ ഡോ. രാജീവ് കുമാർ സുമയ്യയുടെ ബന്ധുവിനോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. “മരുന്നിനുള്ള ട്യൂബ് ഇട്ടവർക്ക് ഉത്തരവാദിത്വമുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
2023-ൽ നടത്തിയ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് ട്യൂബ് നെഞ്ചിൽ കുടുങ്ങിയതോടെ, കഴിഞ്ഞ രണ്ടു വർഷത്തിലധികമായി സുമയ്യ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു. ശ്വാസം മുട്ടൽ രൂക്ഷമായപ്പോൾ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്‌സ്- റേയിൽ മാത്രമാണ് ട്യൂബ് കുടുങ്ങിയ കാര്യം കണ്ടെത്തിയത്. പിന്നീട് ഡോ. രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര മെഡിക്കൽ സെൻററിൽ നടത്തിയ പരിശോധനയിൽ, ട്യൂബ് രക്തക്കുഴലുമായി ഒട്ടിയിരിക്കുന്നുവെന്നും, തിരികെ പുറത്തെടുക്കുന്നത് ജീവൻ അപകടത്തിലാക്കുമെന്നും വ്യക്തമാകുകയായിരുന്നു. ശ്രീചിത്രയിലെ ചികിത്സയ്ക്കുള്ള ചെലവ് രാജീവ് കുമാർ തന്നെ അയച്ചുതന്നതായി തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
Tag; Medical malpractice at Thiruvananthapuram General Hospital; Complaint filed with police against Dr. Rajeev Kumar