തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ്; നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ടു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ടു. വിഷയത്തിൽ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചികിത്സാപിഴവ് സമ്മതിച്ച ഡോ. രാജീവ് കുമാർ രോഗിയുടെ ബന്ധുക്കൾക്ക് വിദഗ്ധചികിത്സയ്ക്കായി പണവും നൽകിയതായി സുമയ്യയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഡോക്ടർ തന്നെ അയച്ച പണത്തിന്റെ സ്ക്രീൻഷോട്ട് മാധ്യമങ്ങൾക്കും ലഭിച്ചു. ഇതിനിടെ, പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖയും പുറത്തുവന്നു.
“പറ്റിയത് തെറ്റാണ്,” എന്ന് ഡോ. രാജീവ് കുമാർ സംഭാഷണത്തിൽ സമ്മതിക്കുന്നതായി രേഖ തെളിയിക്കുന്നു. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് രോഗിയുടെ നെഞ്ചിൽ കുടുങ്ങിയിരിക്കുന്നത് ഗൈഡ് വയറാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടര വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് നടന്നത്.
കട്ടാക്കട മലയൻകീഴ് സ്വദേശിനിയായ സുമയ്യയാണ് ദുരിതമനുഭവിക്കുന്നത്. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാർ നടത്തിയ റോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയ്ക്കുശേഷമാണ് സംഭവം. ശസ്ത്രക്രിയയ്ക്കു ശേഷം രക്തവും മരുന്നും നൽകാനായി സെൻട്രൽ ലൈൻ സ്ഥാപിച്ചു. എന്നാൽ അതിന്റെ ഗൈഡ് വയർ തിരികെ എടുത്തില്ല. ഇതാണ് സുമയ്യയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായത്. സംഭവത്തെ തുടർന്ന് യുവതി ആരോഗ്യവകുപ്പിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിട്ടുണ്ട്.
Tag: Medical malpractice at Thiruvananthapuram General Hospital; District Medical Officer intervenes in chest tube stuck incident