സ്ഥാനാർത്ഥി നിർണയം; കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗവും ഇന്ന്: ഐശ്വര്യ കേരള യാത്ര എറണാകുളം ജില്ലയിൽ

കൊച്ചി: കെപിസിസി തെരെഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാത്രി ഒൻപത് മണിക്ക് എറണാകുളം ഗസ്‌റ്റ് ഹസിൽ ചേരുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പങ്കെടുക്കും. സമിതിയുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണിത്.
ഐശ്വര്യ കേരള യാത്ര കൊച്ചിയിൽ എത്തുന്നതോടെ സീറ്റ് നിർണയ ചർച്ചകളിലേയ്ക്ക് കോൺഗ്രസ് കടക്കുകയാണ്. സ്ഥാനാർത്ഥി നിർണയം നേരത്തേ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം. ഗ്രൂപ്പ് താത്പര്യങ്ങൾ മാറ്റിവച്ചു വിജയസാധ്യതക്ക് മാത്രം പ്രാധാന്യം നൽകി സ്ഥാനാർത്ഥികളെ നിശ്ചയിക്കണമെന്നാണ് കോൺഗ്രസിലെ പൊതുധാരണ. പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകണമെന്ന എഐസിസി നിർദേശവും അംഗീകരിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് മുൻപ് യുഡിഎഫ് സീറ്റു വിഭജനത്തിന്റെ രണ്ടാംഘട്ട ചർച്ചകളും നടക്കും. പതിവിലും നേരത്തെ സീറ്റുവിഭജനം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. മുസ്‌ലീംലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളോട് ചർച്ചയ്‌ക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പത്തു ദിവസത്തിനകം സീറ്റു വിഭജനം സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാൽ 12 സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പി.ജെ. ജോസഫിന്റെ നിലപാട് യുഡിഎഫിന് തലവേദനയാണ്.
മുസ്‌ലീംലീഗിന് കൂടുതൽ സീറ്റുകൾ നൽകാമെന്ന് ധാരണയായെങ്കിലും സീറ്റുകൾ വച്ചുമാറുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പി.സി. ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യവും ചർച്ച ചെയ്യുമെന്നാണ് വിവരം. ജോർജിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാമെന്നാണ് നേതാക്കളുടെ അഭിപ്രായം.