”അഫ്ഗാനിസ്താനെ സ്വീകരിക്കുന്നതിലൂടെ ഇന്ത്യയിലെ മുസ്ലിംകളെ ശത്രുക്കളായി കാണുന്ന ബി.ജെ.പി”; രൂക്ഷ വിമർശനവുമായി മെഹ്ബൂബ മുഫ്തി

അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തെ ശക്തമായി വിമർശിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) അധ്യക്ഷയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി രംഗത്തെത്തി. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനെ സ്വീകരിക്കുന്നതിലൂടെ ഇന്ത്യയിലെ മുസ്ലിംകളെ ശത്രുക്കളായി കാണുന്ന ബി.ജെ.പി സർക്കാരിന്റെ കപടമുഖം വെളിവായതാണെന്ന് അവർ ആരോപിച്ചു.
ഇന്ത്യ അഫ്ഗാനിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുന്ന സമയത്താണ് മെഹ്ബൂബയുടെ ഈ വിമർശനം ഉയർന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ അവർ പറഞ്ഞു: “ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വോട്ട് ജിഹാദ്, പശു ജിഹാദ് എന്നിങ്ങനെ പേരുകൾ നൽകി ബി.ജെ.പി സ്വന്തം മുസ്ലിം പൗരന്മാരെ ലക്ഷ്യംവെച്ചു. അവർക്കെതിരെ വിദ്വേഷവും അപകീർത്തികരമായ കഥകളും പ്രചരിപ്പിച്ചവരാണ് ഇന്ന് താലിബാനെ സ്വീകരിക്കുന്നത്. ജനാധിപത്യത്തിന്റെ മാതൃഭൂമിയായ ഇന്ത്യ, ഇപ്പോൾ ജിഹാദിന്റെ മുഖമുദ്രയായ താലിബാനോട് കയ്യും നീട്ടുകയാണ്.”
അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിനായി വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഉൾപ്പെടെ സഹായം നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനെയും അവർ പരാമർശിച്ചു. “ഇത് തന്ത്രപരമായി പ്രാധാന്യമുള്ളതാകാം, പക്ഷേ അതിനൊപ്പം വലിയൊരു വിരോധാഭാസവും നിലനിൽക്കുന്നു,” മെഹബൂബ പറഞ്ഞു. “സ്വതന്ത്രതയ്ക്കും പുരോഗതിക്കും ഇന്ത്യയിലെ മുസ്ലിം സമൂഹം നൽകിയ സംഭാവനകൾ അവഗണിച്ച്, മുസ്ലിം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ പിൻവലിക്കുകയും മദ്റസകൾ അടച്ചുപൂട്ടുകയും ചെയ്യുന്ന സർക്കാർ, ഇപ്പോൾ താലിബാനെ സ്വീകരിക്കുകയാണ്. ഇതാണ് യഥാർത്ഥ കപടത.”
അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തേണ്ടത് പ്രധാനമാണെങ്കിലും ഒരു രാജ്യത്തിന്റെ സ്ഥിരതയും ഐക്യവും ന്യൂനപക്ഷങ്ങളോടുള്ള വിശ്വാസം, ബഹുമാനം, സമത്വം എന്നിവയിലാണ് നിലനിൽക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. “ബുൾഡോസർ ബാബ, ഇത് കേൾക്കുന്നുണ്ടോ?” എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മെഹബൂബ ചോദിച്ചു.
“മുമ്പ് നിങ്ങൾ താലിബാനെ തീവ്രവാദികളെന്ന് വിളിച്ചു, എന്നാൽ ഇന്ന് അവരോടാണ് സംഭാഷണം. പിന്നെ എന്തുകൊണ്ടാണ് സ്വന്തം ജനങ്ങളെ ശത്രുക്കളായി കാണുന്നത്? കശ്മീരികളെ നിശബ്ദരാക്കുന്നത് എന്തിനാണ്? സ്വന്തം ജനങ്ങളുടെ വീടുകളും പള്ളികളും തകർത്തവരാണ് ഇന്ന് താലിബാന്റെ മുന്നിൽ കൂപ്പുകൈകളോടെ നിൽക്കുന്നത്,” മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.
“താലിബാനുമായുള്ള സംഭാഷണങ്ങൾ രാജ്യത്തിന് ഗുണകരമാകുമെന്ന് കരുതുന്നുവെങ്കിൽ അതിൽ തെറ്റില്ല. പക്ഷേ അതിന് മുമ്പ് നിങ്ങളുടെ സ്വന്തം പൗരന്മാരുടെ , പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലിംകളുടെ, മനസുകൾ നേടാനുള്ള ശ്രമം ആരംഭിക്കണം,” ഡൽഹിയിൽ നടന്ന പൊതുപരിപാടിയിൽ അവർ പറഞ്ഞു.
Tag: mehbooba mufthi stands on india afganisthan relation alliance