Latest NewsNationalNewsWorld

മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ പിടിയില്‍; ഇന്ത്യയിലേക്ക് തിരിച്ചയക്കും

ന്യൂഡല്‍ഹി: ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടശേഷം കാരിബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സി അയല്‍രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റില്‍. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്കു വേണ്ടി ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഇയാളെ ഡൊമിനിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ വ്യക്തമാക്കി. ആന്റിഗ്വയിലേക്ക് ചോക്സിയെ തിരികെ കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ചോക്സി. കുറ്റവാളി ഇന്ത്യയുമായി കൈമാറ്റ കരാര്‍ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതല്‍ താമസം. കഴിഞ്ഞ ദിവസമാണ് കാരിബീയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന് ചോക്സിയെ കാണാതായത്. പിന്നാലെ, ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡൊമിനിക്കന്‍ പോലിസിന്റെ പിടിയിലായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ആന്റിഗ്വയില്‍ നിന്ന് ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആയിരുന്നു സംഭവം.

ആന്റിഗ്വയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള സിബിഐയുടെ ശ്രമങ്ങള്‍ക്ക് ഗുണകരമായെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലേക്കു നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയില്‍ത്തന്നെയുണ്ട്. ചോക്സിയെ കണ്ടെത്താന്‍ ഇന്ത്യന്‍ അധികൃതരുടെയും രാജ്യാന്തര അന്വേഷണ സംഘങ്ങളുടെയും സഹായത്തോടെ ശ്രമം തുടരുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ ജയിലിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button