ബാര്‍സിലോന: ആരാധകരുടെ നെഞ്ചെടുപ്പ് കൂട്ടി ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടുകയാണെന്ന ഔദ്യോഗീക സ്ഥിരീകരണം വന്നു. ‘കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്‌സി ബാര്‍സിലോനയും ലയണല്‍ മെസ്സിയും തമ്മില്‍ നേരത്തെ ധാരണയില്‍ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാല്‍ അത് നടക്കാത്ത സാഹചര്യമാണുള്ളത്.
അതിനാല്‍ ലയണല്‍ മെസ്സി ഇനി ബാര്‍സിലോനയില്‍ തുടരില്ല. ഇക്കാര്യത്തില്‍ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാതെ പോയതില്‍ അതിയായി ഖേദിക്കുന്നു. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും എഫ്‌സി ബാര്‍സിലോന മെസ്സിയോട് കടപ്പെട്ടിരിക്കുന്നു.
വ്യക്തിജീവിതത്തിലും ഫുട്‌ബോള്‍ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു ക്ലബിന്റെ ഔദ്യോഗീക വിശദീകരണം. താരത്തിന്റെ ജീവിത വഴികളില്‍ ക്ലബിനുണ്ടായിരുന്ന സ്ഥാനം ചെറുതല്ല. അതിനാല്‍ തന്നെ പ്രതിഫലം കുറച്ച് താരം ക്ലബില്‍ തന്നെ തുടരുമെന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നു.
ആ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ പ്രതീക്ഷ മാറ്റി മറിച്ചാണ് ഇപ്പോഴുള്ള പ്രഖ്യാപനം. അതേസമയം ബാര്‍സ വിട്ട മെസ്സി ഇനി ഏത് ക്ലബ് സ്വീകരിക്കുമെന്ന ആശങ്കയിലാണ് മെസ്സി ആരാധകര്‍.