ബാര്‍സിലോന: ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ് ബാര്‍സിലോന വിടുകയാണെന്ന വിവരം കഴിഞ്ഞ ദിവസമായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ അറിഞ്ഞത്. തൊട്ടുപിന്നാലെ 10-ാം നമ്പര്‍ ജേഴ്‌സി ഇനി തനിക്ക് വേണ്ടെന്ന താരത്തിന്റെ തീരുമാനവും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.
ബാര്‍സിലോന വിട്ട താരം ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മ്മനിക്കായി കളിക്കുമെന്ന വിവരം ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 3 വര്‍ഷത്തെ കരാര്‍ ഇതിഹാസ താരം പി.എസ്.ജിയുമായി ഉണ്ടാക്കുമെന്നാണ് വിവരങ്ങള്‍. എന്നാല്‍ അതേസമയം 10-ാം നമ്പര്‍ ജേഴ്‌സി വേണ്ടെന്നും പകരം 19 -ാം നമ്പര്‍ ജേഴ്സിയാണ് മെസ്സി ധരിക്കുക എന്നും പറയുന്നു.
നെയ്മര്‍ ആണ് പത്താം നമ്പര്‍ ജേഴ്സി പി.എസ്.ജിയില്‍ ധരിക്കാര്‍ അതിനാലാണ് താരം 19-ാം നമ്പര്‍ ജേഴ്‌സിയിലേക്ക് മാറിയിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാര്‍സിലോനയും ലയണല്‍ മെസ്സിയും തമ്മില്‍ നേരത്തെ ധാരണയില്‍ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാലും അത് നടക്കാതെ പോകുകയായിരുന്നു.
അതേസമയം താരത്തിന്റെ ജീവിത വഴികളില്‍ ക്ലബിനുണ്ടായിരുന്ന സ്ഥാനം ചെറുതല്ല. അതിനാല്‍ തന്നെ പ്രതിഫലം കുറച്ച് താരം ക്ലബില്‍ തന്നെ തുടരുമെന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ആ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ പ്രതീക്ഷ മാറ്റി മറിച്ചാണ് കഴിഞ്ഞ ദിവസം താരം ബാര്‍സിലോന വിട്ടത്.