മെസ്സി കൊച്ചിയിലേക്ക് ;സൗഹൃദ മത്സരം നവംബറിൽ
കളിക്കാർക്കും വി.വി.ഐ.പികൾക്കും ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കാൻ കൊച്ചിയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം

ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജന്റീന ടീമും നവംബറിൽ കൊച്ചിയിലെത്തും. നവംബർ, 17നോ 18നോ കേരളത്തിൽ സൗഹൃദ മത്സരം നടത്താനാണ് സർക്കാർ ആലോചന. ഈ മത്സരം കൊച്ചിയിൽ വെച്ച് നടത്താനാണ് ഇപ്പോൾ പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.
തുടക്കത്തിൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിച്ചിരുന്നെങ്കിലും, കളിക്കാർക്കും വി.വി.ഐ.പികൾക്കും ആവശ്യമായ യാത്രാ-താമസ സൗകര്യങ്ങൾ ഒരുക്കാൻ കൊച്ചിയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നതിനാലാണ് ഈ തീരുമാനം. മറ്റൊരു അന്താരാഷ്ട്ര ടീം കൂടി മത്സരത്തിൽ പങ്കെടുത്താൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടിവരും.
അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.