FootballindiaNationalNewsSports

മെസി എത്തുന്നു…! കേരളത്തിലേക്ക് ഇല്ല, ഡിസംബറിൽ ഇന്ത്യയിലെ നാല് ന​ഗരങ്ങൾ സന്ദർശിക്കും

അർജന്റീന ഫുഡ്ബോൾ നായകനും ലോക ഇതിഹാസവുമായ ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തുന്നു. എന്നാൽ താരം കേരള സന്ദർശനം നടത്തില്ലെന്ന് സംഘാടകർ സ്ഥിരീകരിച്ചു. കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നാല് നഗരങ്ങളിലായി ഡിസംബർ 12 മുതൽ 15 വരെ വിവിധ പരിപാടികളിൽ മെസി പങ്കെടുക്കും.

ഡിസംബർ 12ന് രാത്രി 10 മണിക്ക് കൊൽക്കത്തയിൽ എത്തുന്ന മെസി, 13 മുതൽ പരിപാടികൾ ആരംഭിക്കും. രാവിലെ 9 മണിക്ക് 70 അടി ഉയരമുള്ള തന്റെ പ്രതിമ അനാച്ഛാദനം നടത്തും. ലോകത്തിൽ മെസിയുടെ ഏറ്റവും ഉയരമുള്ള പ്രതിമയാണിതെന്ന് സംഘാടകർ അവകാശപ്പെട്ടു. തുടർന്ന് സാൾട്ട്ലേക് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന സോഫ്റ്റ്ബോൾ മത്സരത്തിൽ അദ്ദേഹം കളിക്കും. ഈ മത്സരത്തിൽ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പെയ്സ്, ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈചുങ് ബൂട്ടിയ എന്നിവരും പങ്കെടുക്കും. വൈകുന്നേരം അഹമ്മദാബാദിലേക്ക് യാത്ര തുടരും.

മുംബൈയിലെ പരിപാടികൾ
ഡിസംബർ 14ന് മെസി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം വാംഖഡെ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സ്വീകരണത്തിൽ അദ്ദേഹം ക്രിക്കറ്റ്, ബോളിവുഡ് താരങ്ങളോടൊപ്പം പ്രദർശന സോഫ്റ്റ്ബോൾ മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമംഗങ്ങളുമായി സംവാദവും നടക്കും.

ന്യൂഡൽഹിയിൽ സമാപനം
ഡിസംബർ 15ന് ന്യൂഡൽഹിയിൽ എത്തുന്ന മെസി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഫിറോസ് ഷാ കോട്ല മൈതാനത്ത് നടക്കുന്ന സ്വീകരണ ചടങ്ങിൽ ആരാധകരെ അഭിസംബോധന ചെയ്യും.

സംഘാടകരായ സ്വകാര്യ കമ്പനി പരിപാടികളുടെ ധാരണയിൽ എത്തിയതായി വ്യക്തമാക്കി. മെസി ഉടൻ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചു. മെസി ഉൾപ്പെടുന്ന അർജന്റീന ടീമിന്റെ കേരളത്തിലെ മത്സരവുമായി ഈ സന്ദർശനത്തിന് ബന്ധമില്ലെന്നും സംഘാടകർ വ്യക്തമാക്കി.

2011 സെപ്റ്റംബറിലാണ് മെസി ആദ്യമായി ഇന്ത്യയിൽ എത്തിയിരുന്നത്. അന്ന് കൊൽക്കത്ത സാൾട്ട്ലേക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-വെനസ്വേല സൗഹൃദ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നു.

Tag: Messi is coming…! Not to Kerala, will visit four cities in India in December

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button