കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാത തുറന്നു, കൊച്ചിയിൽ മെട്രോ ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു.

കൊച്ചി മെട്രോയുടെ തൈക്കുടം മുതല്‍ പേട്ട വരെയുള്ള പാതയിലെ യാത്രാ ഉദ്ഘാടനം നടന്നു. ഇതോടെ കൊച്ചി മെട്രോയുടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 22 ആയി വര്ധിച്ചു. 25.16 കിലോമീറ്ററാണ് കൊച്ചി മെട്രോയുടെ ദൈർഘ്യം. തൈക്കൂടം മുതൽ പേട്ട വരെ 1 കിലോമീറ്റർ 300 മീറ്റർ ദൂരം വരും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവെച്ച കൊച്ചി മെട്രോ ട്രെയിൻ സർവീസ് തിങ്കളാഴ്ച മുതൽ പുനഃരാരംഭിച്ചു. അൺലോക്ക് നാലാംഘട്ടത്തിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെട്രോ റെയിൽ സർവീസുകൾക്ക് പ്രവർത്തനാനുമതി നൽകിയതോടെയാണ് സർവീസുകൾ പുനരാരംഭിചത്. കൊച്ചി മെട്രോയുടെ തൈക്കുടം മുതൽ പേട്ട വരെയുള്ള പാതയിലെ യാത്രയും തിങ്കളാഴ്ച ആരംഭിച്ചു.
ഇന്നും നാളെയും രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ടാണ് കൊച്ചി മെട്രോ ട്രെയിൻ സർവീസ് ഉണ്ടാവുക. ഈ രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെ സർവീസ് ഉണ്ടായിരിക്കുന്നതല്ല. ഒമ്പതാം തീയതി മുതൽ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ പത്തു മിനിറ്റ് ഇടവേളയിലാണ് സർവ്വീസ് നടത്തുക. ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെ ഇരുപത് മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ ഓടുക. ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതലാണ് സർവീസ് തുടങ്ങുന്നത്. അവസാന ട്രിപ്പ് രാത്രി ഒമ്പത് മണിക്ക് പുറപ്പെടും.
യാത്രാ നിരക്ക് പുതുക്കി നിശ്ചയിച്ചാണ് കെഎംആർഎൽ സർവീസ് പുനഃരാരംഭിക്കുന്നത്. കൊച്ചി മെട്രോ വൺ കാർഡ് ഉപയോഗിക്കുന്നവർക്കും പ്രയോജനം ലഭിക്കും. ആലുവ മുതൽ പേട്ട വരെയുള്ള യാത്രാ നിരക്ക് 60 രൂപയിൽ നിന്നും 50 രൂപയാക്കിയാണ് കുറച്ചത്. ആറു സ്ലാബുകൾ നാലായാണ് പുനർ നിർണ്ണയിച്ചിരിക്കുന്നത്. പുതിയ സ്ലാബ് അനുസരിച്ച് 10, 20, 30, 50 എന്നിങ്ങനെയാണ് യാത്രാ നിരക്ക്. നേരത്തേയിത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രകാരം ആദ്യ രണ്ട് സ്റ്റോപ്പുകൾക്ക് (ആലുവ, പുളിഞ്ചോട് ), പത്ത് രൂപയും അഞ്ച് സ്റ്റോപ്പ് വരെ (ആലുവ -മുട്ടം) ഇരുപത് രൂപയും 12 സ്റ്റോപ്പുകൾക്ക് (ആലുവ – കലൂർ സ്റ്റേഡിയം) 30 രൂപയും 12 സ്റ്റോപ്പിന് മുകളിൽ പേട്ട വരെ 50 രൂപയുമായാണ് യാത്രാ നിരക്ക് കുറയുന്നത്.
കൊച്ചി വൺ കാർഡുള്ളവർക്ക് 10 ശതമാനം ഇളവാണ് ലഭിക്കുക. വീക്ക് ഡേ പാസ് 110 (പഴയ നിരക്ക് 125), വീക്കെൻഡ് പാസ് 220 (പഴയ നിരക്ക് 250) എന്നിങ്ങനെയാണു കുറച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണു നിരക്കിലെ ഇളവുകൾ. കൊച്ചി വൺ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കു പ്രത്യേക ഫീസില്ലാതെ പുതിയ കാർഡ് നൽകുമെന്നും കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി വൺ കാർഡുകൾ 7 മുതൽ ഒക്ടോബർ 22 വരെ 150 രൂപ ഇഷ്യൂൻസ് ഫീസില്ലാതെ വാങ്ങാൻ അവസരമുണ്ട്. വാർഷിക ഫീസായി 75 രൂപയും റീചാർജ് ഫീസായി 5 രൂപയുമാണ് ഈടാക്കുക.
കൊവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ പൂർണ്ണമായും സ്വീകരിച്ചാണ് കൊച്ചി മെട്രോ സർവീസ് പുനഃരാരംഭിക്കുന്നത്. ശരീരത്തിന്റെ താപനില പരിശോധിച്ചാണ് യാത്രക്കാരെ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുക. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും യാത്രക്കാരെ ട്രെയിനകത്ത് ഇരിക്കാൻ അനുവദിക്കുക. സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങൾ അകത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഇരുപത് സെക്കൻഡ് വീതം നിർത്തിയിട്ട്, വായുസഞ്ചാരം ഉറപ്പാക്കിയാകും സർവീസ്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അല്ലെങ്കിൽ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്സിൽ പണം നിക്ഷേപിക്കണം.
ഡി.എം.ആർ.സി. ഒന്നാം ഘട്ടത്തിൻ്റെ നിർമ്മാണ ദൗത്യം പൂർത്തിയാക്കി പിന്മാറുകയാണ്. 2013 ജൂണിൽ കൊച്ചി മെട്രോ നിർമ്മാണം ആരംഭിച്ചു. 3.5 വർഷം കൊണ്ട് പൂർത്തിയാകേണ്ട ഒന്നാം ഘട്ടം 7 വർഷം കൊണ്ടാണ് പൂർത്തിയായത്.
പേട്ടയിൽ നിന്ന് എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള പാതയുടെ നിർമ്മാണം കൊച്ചി മെട്രോ കമ്പനിയായ കെഎംആര്‍എല്‍ തനിച്ചായിരിക്കും നിർവഹിക്കുക. ഇതിനൊപ്പം കൊച്ചി മെട്രോ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട പാതയ്ക്കായി സ്ഥലമെടുപ്പ് പൂർത്തിയായി വരുന്നുണ്ട്.