മരത്തിന് കീഴിലുള്ള ഓപ്പൺ എയർ ചികിത്സ; ഓക്സിജൻ ദൗർലഭ്യം കുറയ്ക്കുമെന്ന വാദവുമായി ഉത്തർപ്രദേശിലെ ഒരു ഗ്രാമം
ലക്നൗ: സർക്കാർ ആശുപത്രിയിൽ കിടക്കൾ ഇല്ലാതെ വന്നതോടെ ചികിത്സ മരത്തിന് ചുവട്ടിലേക്ക് മാറ്റി മേവ്ല ഗോപാൽഗറിലെ ആശുപത്രി. ഒരു വലിയ മരത്തിനു താഴെ ഗ്ലൂക്കോസ് ട്രിപ്പുകളുമായി രോഗികൾ നിരത്തിയിട്ടിരിക്കുന്ന കിടക്കകളിൽ മയങ്ങുന്നു. അരികെ പുല്ല് തിന്ന് നടക്കുന്ന പശുക്കളും. ഇതാണ് ഇപ്പോൾ പല ആശുപത്രികളുടെ അവസ്ഥ.
സ്വകാര്യ ക്ലിനിക്കുകളിലേക്ക് ചികിത്സയ്ക്കായി പോകാനുള്ള പണം ഇല്ലാത്തതിനാൽ ആണ് ഇവിടെ വന്നതെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ, ഓക്സിജൻ ദൗർലഭ്യം മരത്തിന് കീഴിലുള്ള ഓപ്പൺ എയർ ചികിത്സ മൂലം മാറുമെന്നാണ് സമാന്തര ചികിത്സാ രംഗത്തുള്ളവർ രോഗികളോട് പറയുന്നത്. ഡോക്ടർ പോലുമില്ലാതെയാണ് കൊറോണ രോഗികളെ ഇത്തരത്തിൽ ഓപ്പൺ എയർ ചികിത്സ നൽകുന്നത്.
കൊറോണ ലക്ഷണങ്ങളുമായി ഇവിടെയെത്തുന്നവർക്ക് ഗ്ലുക്കോസും മറ്റ് ചില മരുന്നുമാണ് ഇവിടെ നൽകുന്നത്. വേപ്പുമരത്തിന് കീഴിലുള്ള ചികിത്സ രോഗം ഭേദമാക്കുമെന്ന വിശ്വാസത്തിലാണ് രോഗികളുമുള്ളത്. മരത്തിന് കീഴിലുള്ള കിടപ്പ് ഓക്സിജൻ ലെവൽ ഉയർത്താൻ സഹായ്ക്കുമെന്നും രോഗികൾ വിശ്വസിക്കുന്നു.
ആളുകൾക്ക് ശ്വാസം കിട്ടാതെ ആവുമ്പോൾ മരത്തിന് അടിയിലേക്ക് കിടപ്പുമാറ്റുമെന്നാണ് സഞ്ജയ് സിംഗ് എന്നയാൾ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്. പനി ബാധിച്ച് 74കാരനായ പിതാവ് മരിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി. പിതാവിന് കൊറോണ പരിശോധന നടത്തിയിരുന്നില്ലെന്നും ഇയാൾ പറയുന്നു. ആളുകൾ മരിക്കുന്നത് ഇവിടെ ആരും തങ്ങളെ ചികിത്സിക്കാനില്ലാത്തതിനാലാണെന്നും സഞ്ജയ് സിംഗ് പറയുന്നു.
കൊറോണ രണ്ടാം തരംഗം വളരെ രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർ പ്രദേശ്. ഉത്തർ പ്രദേശിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കൊറോണ ചികിത്സാ സംവിധാനത്തിന് അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്.