എഐ പോരാട്ടം കടുപ്പിക്കാന്‍ മൈക്രോസോഫ്റ്റ്; ‘കോപൈലറ്റ് മോഡ്’ എഡ്‌ജ് ബ്രൗസറില്‍ അവതരിപ്പിച്ചു

വെബ് ബ്രൗസിംഗ് രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോരാട്ടം കടുപ്പിക്കാന്‍ മൈക്രോസോഫ്റ്റ്. എഐ അധിഷ്‌ഠിത ‘കോപൈലറ്റ് മോഡ്’ (Copilot Mode) എഡ്‌ജ് ബ്രൗസറില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ടൂള്‍ എഡ്‌ജില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അടുത്തിടെ ‘എഐ സെര്‍ച്ച് മോഡ്’ ഗൂഗിളും, ‘കോമറ്റ് ബ്രൗസര്‍’ പെര്‍പ്ലെക്സിറ്റിയും അവതരിപ്പിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്‍റെ ഈ നീക്കം. ടെക് രംഗത്തെ എതിരാളികള്‍ എഐ-അടിസ്ഥാനത്തിലുള്ള ബ്രൗസറുകളും വെബ് സെര്‍ച്ച് ഫീച്ചറുകളും അവതരിപ്പിക്കുമ്പോള്‍ മൈക്രോസോഫ്റ്റും പിന്നോട്ടില്ല. മൈക്രോസോഫ്റ്റ് ഇപ്പോള്‍ എഡ്‌ജ് ബ്രൗസറില്‍ പുതിയ കോപൈലറ്റ് മോഡ് കൊണ്ടുവന്നിരിക്കുകയാണ്. എഡ്‌ജില്‍ വിഷയാടിസ്ഥാനത്തില്‍ സെര്‍ച്ചുകള്‍ ഏകീകരിക്കുന്നതിനും ടാസ്‌ക്കുകള്‍ ചെയ്യാനും ഉപഭോക്താക്കളെ കോപൈലറ്റ് മോഡ് സഹായിക്കും. ഓപ്പണ്‍ ചെയ്‌തിരിക്കുന്ന എല്ലാ ടാബിലെയും സെര്‍ച്ച് ഫലങ്ങള്‍ യൂസര്‍ ടാബുകള്‍ സ്വിച്ച് ചെയ്യാതെ തന്നെ താരതമ്യം ചെയ്യാനും കോപൈലറ്റ് മോഡിനാവുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
ടെക് കമ്പനികള്‍ എഐ അധിഷ്‌ഠിതമായ വിവിധ ഓണ്‍ലൈന്‍ സെര്‍ച്ച് ടൂളുകള്‍ അവതരിപ്പിക്കുന്നതിനിടെയാണ് എഡ്‌ജ് ബ്രൗസറില്‍ മൈക്രോസോഫ്റ്റും അപ്‌ഡേറ്റ് കൊണ്ടുവന്നത്. എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി എഐ ഈ മാസം ആദ്യം ‘കോമറ്റ്’ എന്ന പേരില്‍ സ്വന്തം എഐ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരുന്നു. എജന്‍റിക് എഐ കരുത്തോടെയായിരുന്നു കോമറ്റ് വെബ് ബ്രൗസറിന്‍റെ വരവ്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്കായി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന ഏജന്‍റ് എന്ന നിലയിലാണ് കോമറ്റിനെ അവതരിപ്പിക്കുന്നത് എന്നായിരുന്നു പെര്‍പ്ലെക്സിറ്റിയുടെ പ്രഖ്യാപനം.
ഇതിന് മുമ്പ് ഓപ്പണ്‍എഐ ‘സെര്‍ച്ച്ജിപിടി’യും (SearchGPT) ഗൂഗിള്‍ ‘എഐ മോഡും’ (AI Mode) അവതരിപ്പിച്ചിരുന്നു. ജെമിനി 2.5 ലാർജ് ലാംഗ്വേജ് മോഡലിന്‍റെ (LLM) ഒരു കസ്റ്റം പതിപ്പ് ഉപയോഗിച്ചാണ് ഗൂഗിളിന്‍റെ എഐ സെര്‍ച്ച് മോഡ് പ്രവർത്തിക്കുന്നത്. എഐ മോഡ് വഴിയുള്ള സെര്‍ച്ചിന് മൾട്ടിമോഡൽ പിന്തുണ ഗൂഗിള്‍ നല്‍കുന്നു. സെര്‍ച്ചിനായി വോയിസ് മോഡിലൂടെയോ, ടൈപ്പ് ചെയ്തോ, ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌തോ നിങ്ങൾക്ക് എഐ മോഡ് ഗൂഗിളില്‍ ഉപയോഗിക്കാം. ഡെസ്‌ക്‌ടോപ്പുകളിലെ വെബ്‌സൈറ്റ് വ്യൂവിലും ഗൂഗിൾ ആപ്പിലും നിലവിൽ സെര്‍ച്ച് എഐ മോഡ് ലഭ്യമാണ്. അതേസമയം, പുത്തന്‍ എഐ ബ്രൗസര്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുകയാണ് ഓപ്പണ്‍എഐ.
Tag: Microsoft introduces ‘Copilot Mode’ in Edge browser to intensify AI fight