പി.എം. ശ്രീയിൽ ഒപ്പുവെച്ച നടപടിയിൽ നിലപാട് വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മന്ത്രി ജി.ആർ. അനിൽ

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം. ശ്രീയിൽ ഒപ്പുവെച്ച നടപടിയിൽ നിലപാട് വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. സി.പി.ഐ. എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിലൂടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയെന്നും, “ഇത് എങ്ങനെയാണ് ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറയണം. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല,” എന്നും ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.ഐ. എടുക്കുന്ന തീരുമാനം ഒരു മാറ്റവുമില്ലാതെ മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന്, “അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സി.പി.ഐയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കേരളം പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് ഇന്നലെയാണ്. സംസ്ഥാനത്തിനു വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പുവെച്ചത്. ഇതോടെ, തടഞ്ഞുവെച്ച 1500 കോടിയുടെ എസ്.എസ്.കെ. (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് ഉടൻ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ട്. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി.പി.ഐ. എതിർപ്പ് ഉന്നയിച്ച പദ്ധതിയിൽ കേരളം ഇപ്പോൾ ചേർന്നതാണ് സി.പി.ഐയെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കാൻ കാരണം.
Tag: Minister GR Anil asks Education Minister to clarify stance on PM’s signing of Sri



