ശബരിമല ട്രാക്ടർ യാത്രാ വിവാദത്തിൽ എഡിജിപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. രാജൻ
ശബരിമലയിലെ ട്രാക്ടർ യാത്രയെ തുടർന്നുണ്ടായ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി റവന്യൂ മന്ത്രി കെ. രാജൻ. “വകതിരിവ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചെടുക്കേണ്ടതല്ല. അതത് വ്യക്തികൾക്ക് സ്വന്തം ശൈലി, സ്വഭാവം എന്നിവയുണ്ട്. അതനുസരിച്ചാണ് അവർ അതിന്റെ അർത്ഥം കണ്ടെത്തേണ്ടത്,” മന്ത്രിയുടെ പ്രതികരിച്ചു.
സർക്കാരിന്റെയും വകുപ്പിന്റെയും കാര്യങ്ങളിൽ മന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമലയിലെ ട്രാക്ടർ യാത്രയെക്കുറിച്ച് എഡിജിപി അജിത് കുമാറിനെയും മറ്റ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്നും ട്രാക്ടർ യാത്ര നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള യാത്ര നേരത്തേ തന്നെ ഹൈക്കോടതി നിരോധിച്ചിരുന്നു. നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ പത്തനംതിട്ട എസ്.പിയും ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
നവഗ്രഹ പ്രതിഷ്ഠാ പൂജയുടെ ഭാഗമായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എഡിജിപി അജിത് കുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസിന്റെ ട്രാക്ടർ ഉപയോഗിച്ച് സന്നിധാനത്തേക്ക് യാത്ര ചെയ്തു. ദർശനം കഴിഞ്ഞ് മറ്റന്നാൾ വീണ്ടും ട്രാക്ടറിൽ മലയിറങ്ങി. എന്നാൽ അപകടസാധ്യതയെ മാനിച്ച് ട്രാക്ടർ യാത്ര നിരോധിച്ചിരിക്കെയാണ് അജിത് കുമാർ ഇത് ലംഘിച്ചത്. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Tag: Minister K. Rajan sharply criticizes ADGP ajith kumar over Sabarimala tractor travel controversy