പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും ഒന്നും കണ്ടെത്താനാവില്ലെന്ന് മന്ത്രി കെ.ടി ജലീല്‍.

തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതിനു പിറകെ കെ.ടി ജലീലിനെയും ഉടന്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന മാധ്യമവാര്‍ത്ത സംബന്ധിച്ചു മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ താന്‍ ഏര്‍പ്പെട്ടതായി കണ്ടെത്താനാവില്ലെന്നാണ് മന്ത്രി കെ.ടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
‘കസ്റ്റംസ് എന്നെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് ചാനല്‍ വാര്‍ത്തയിലൂടെ അറിയാന്‍ സാധിച്ചു. നല്ല കാര്യം. എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചില വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് തേടിയിരുന്നു. എന്നാല്‍ കസ്റ്റംസ് ഇതുവരെ കാര്യങ്ങളുടെ നിജസ്ഥിതി എന്നോട് തിരക്കിയിട്ടില്ല. അതിന് കസ്റ്റംസ് മുതിരുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്’, ജലീല്‍ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് എനിക്കയച്ച കത്തിനുള്ള മറുപടിയാണ് അനുബന്ധമായി ചേര്‍ക്കുന്നത്. ഇതിനപ്പുറം ഒരു പിച്ചളപ്പിന്നെങ്കിലും എനിക്കോ സഹധര്‍മ്മിണിക്കോ ആശ്രിതരായ മക്കള്‍ക്കോ ഉള്ളതായി വല്ലവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍, അക്കാര്യം കേന്ദ്ര ഏജന്‍സികളെ, കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഖേനയോ, മുസ്ലിം ലീഗിന്റെ യുവസിങ്കങ്ങള്‍ വഴിയോ, അതുമല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന സര്‍വ്വാധികാര വിഭൂഷിതരായ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ മുഖാന്തിരമോ, അറിയിക്കാവുന്നതാണ്. ആരെങ്കിലും പത്ത് രൂപ കൈക്കൂലിയായോ പാരിതോഷികമായോ, അതുമല്ലെങ്കില്‍ ഞാന്‍ സ്ലീപ്പിംഗ് പാര്‍ട്ട്ണറായ ഏതെങ്കിലും ജ്വല്ലറിയിലോ റസ്റ്റോറന്റിലോ പറമ്പ് കച്ചവടത്തിലോ(റിയല്‍ എസ്റ്റേറ്റ്),’ഇഞ്ചി കൃഷിയിലോ’, ഷെയറായോ കമ്മിഷനായോ വല്ലതും ഞാന്‍ വാങ്ങിയതായോ എനിക്ക് തന്നതായോ, ഭൂമുഖത്ത് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍, അക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാവുന്നതാണ്. എന്നെ കുരുക്കാന്‍ കിട്ടിയിട്ടുള്ള ഈ സുവര്‍ണ്ണാവസരം എന്റെ രാഷ്ട്രീയ ശത്രുക്കള്‍ ഉപയോഗപ്പെ ടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലെനിക്ക് സന്തോഷം മാത്രമേ ഉണ്ടാകൂ.
കസ്റ്റംസ് എന്നെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന് ചാനല്‍ വാര്‍ത്തയിലൂടെ അറിയാന്‍ സാധിച്ചു. നല്ല കാര്യം. എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചില വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് തേടിയിരുന്നു. എന്നാല്‍ കസ്റ്റംസ് ഇതുവരെ കാര്യങ്ങളുടെ നിജസ്ഥിതി എന്നോട് തിരക്കിയിട്ടില്ല. അതിന് കസ്റ്റംസ് മുതിരുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങളോടെ എന്റെ ഗണ്‍മാന്‍ സ്രവ പരിശോധനക്ക് സാമ്പിള്‍ കൊടുത്ത് വീട്ടില്‍ ഒറ്റക്ക് കഴിയവെയാണ്, അയാളുടെ ഫോണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വന്ന് കണ്ടുകെട്ടിയത്. രണ്ട് ദിവസം കഴിഞ്ഞ് സിംകാര്‍ഡ് തിരിച്ച് നല്‍കാന്‍ കസ്റ്റംസുകാര്‍ കാണിച്ച വിശാലമനസ്‌കത വലിയ കാര്യംതന്നെ! ഫോണ്‍ ഇപ്പോഴും കസ്റ്റംസിന്റെ കൈവശമാണ്. ഒരു പോലീസുകാരന്‍ എന്ന നിലയില്‍ ഏതുസമയത്ത് ഫോണുമായി ഹാജരാകണം എന്നു പറഞ്ഞാലും ഗണ്‍മാന്‍ ഹാജരാകുമെന്നിരിക്കെ എന്തിനായിരുന്നു ഈ ‘പിടിച്ചെടുക്കല്‍’ നാടകമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കൂടെയുള്ളവരുടെ ഫോണില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വിളിക്കുന്ന ഏര്‍പ്പാട് യു.ഡി.എഫ് നേതാക്കള്‍ക്കും ബി.ജെ.പിക്കാര്‍ക്കും ഉണ്ടായെന്നിരിക്കാം. എനിക്കേതായാലും അതില്ല. ആയിരം അന്വേഷണ ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ മറ്റേതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഈയുള്ളവന്‍ ഏര്‍പ്പെട്ടതായി കണ്ടെത്താനാവില്ല. മലപ്പുറത്തെ കുഗ്രാമങ്ങളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ചൊല്ലാണ് ഓര്‍മ്മവരുന്നത്; ‘ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍’.
ഡോ: കെ.ടി ജലീല്‍, ഗസല്‍, തോഴുവനൂര്‍,
വളാഞ്ചേരി, മലപ്പുറം.