കെ-ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് : ജൂലൈ മാസത്തോടെ പ്രവര്‍ത്തനം സംസ്ഥാനവ്യാപകമാകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന കെ-ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ആദ്യ ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. ആദ്യ ഘട്ടത്തില്‍ കണക്ടിവിറ്റി നല്‍കുന്നത് ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ്.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍,ആശുപത്രികള്‍,പൊലീസ് സ്റ്റേഷനുകള്‍,തദ്ദേശസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ഡാറ്റാ സെന്‍ററുകള്‍, കളക്ടറേറ്റുകള്‍ എന്നിവിടങ്ങളില്‍ കണക്ഷന്‍ ലഭിക്കും. തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,പത്തനംതിട്ട,തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്റ്റിവിറ്റി ലഭിക്കുക
കെഫോണ്‍ എന്നത് ഇന്റര്‍നെറ്റ് ബാക്ക്ബോണ്‍ ആണ്. ഒരു വലിയ ഇന്‍ഫര്‍മേഷന്‍ ഹൈവേ. നാടിന്റെ മുക്കിലും മൂലയിലും തടസ്സമില്ലാതെ നല്ല വേഗതയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടാക്കുന്ന സംവിധാനം. ഇതൊരു ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറാണ്. എല്ലാ മുക്കിലും മൂലയിലും നല്ല വേഗതയില്‍ അതായത് 10 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ കേബിള്‍ ശൃംഖലാ സ്ഥാപിക്കുകയാണ് കെ-ഫോണ്‍ ചെയ്യുന്നത്.
ചടങ്ങില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഊര്‍ജ സെക്രട്ടറി സൗരഭ് ജയിന്‍, ഐ.ടി സെക്രട്ടറി കെ. മുഹമ്മദ് വൈ സഫിറുള്ള, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള, ഭെല്‍ ചെയര്‍മാന്‍ എം. വി ഗൗതമ, റെയില്‍ടെല്‍ ചെയര്‍മാന്‍ പുനീത് ചൗള, കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ഡോ. ജയശങ്കര്‍ പ്രസാദ് സി എന്നിവര്‍ പങ്കെടുക്കും. വൈദ്യുത മന്ത്രി എം.എം മണി ചടങ്ങിന് അധ്യക്ഷത വഹിക്കും