സിപിഐ വീണ്ടും പിളര്‍പ്പിലേക്കോ?
രൂപംകൊണ്ടതുപോലും ഉറപ്പിക്കാനാകാതെ ഉഴലുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇന്നും സാര്‍വദേശീയതയെ മുറുകെ പിടിക്കുന്നവര്‍ സിപിഐക്കാരാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. തീവ്രകമ്മ്യൂണിസ്റ്റുകളായി സിപിഐക്കാര്‍ മുദ്രകുത്തിയ സിപിഎമ്മിനാകട്ടെ ഇന്ത്യയില്‍ ഷഷ്ടിപൂര്‍ത്തി ആഘോഷം കേരളത്തിലൊഴിച്ച് മറ്റൊരിടത്തും നടത്താനാവാത്ത സ്ഥിതിയാണ്. കേരളത്തില്‍ മാത്രം കണ്ടുവരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അഭിപ്രായഭിന്നതയില്‍ നിന്നാണ് രൂപം കൊണ്ടിട്ടുള്ളത്.
ഒറ്റയ്ക്കു നിന്നാല്‍ ഒരു സംസ്ഥാനത്തും വിജയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സിപിഐ വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നാടൊട്ടുക്കും ബ്രാഞ്ചുകളുണ്ടെങ്കിലും ക്വാറം തികയാത്തതിനാല്‍ കമ്മിറ്റി കൂടാന്‍ കഴിയാതെ വലയുന്ന പാര്‍ട്ടിയാണ് സിപിഐ.
1964ല്‍ റഷ്യയാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ് രാജ്യമെന്നും അല്ല ചൈനയാണ് കമ്മ്യൂണിസ്റ്റ് രാജ്യമെന്നും സിപിഐയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. കല്‍ക്കത്ത തിസീസ് എന്ന കുപ്രസിദ്ധമായ ഉന്മൂലന സിദ്ധാന്തമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ പിളരാന്‍ കാരണമായതെന്ന് സിപിഐയും സിപിഎമ്മും ഒരുമിച്ചു സമ്മതിക്കുന്ന കാര്യമാണ്. ഇഎംഎസ് നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റുകളുടെ ചേരിയെ അന്നത്തെ സമുന്നത കമ്മ്യൂണിസ്റ്റ് നേതാവ് ഡാങ്കെ എതിര്‍ത്തതോടെ കമ്മ്യൂണിസ്റ്റുകളുടെ പിളര്‍പ്പ് ഉറപ്പായി.
വലത് കമ്മ്യൂണിസ്റ്റുകളായി സിപിഐയെ മുദ്രകുത്തി സിപിഎം ഇടതുപക്ഷത്ത് അചഞ്ചലമായി നിലകൊണ്ടു. ഇന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കേരളത്തിലും ബംഗാളിലെയും ത്രിപുരയിലെയും ചില തെരുവുകളിലേക്ക് മാത്രമായി ചുരുങ്ങി. സന്ദേഹിയുടെ സംവാദം എന്ന പുസ്തകത്തില്‍ ഒ.വി. വിജയന്‍ പറയുന്നതുപോലെ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നിന്നും ഭൗതികവാദം കളഞ്ഞ് വെറും വൈരുധ്യം മാത്രം കൈമുതലായുള്ള പാര്‍ട്ടിയാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
ഈ വൈരുധ്യം ഇന്ന് സിപിഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും വാക്കുകളിലൂടെ കൂടുതല്‍ പ്രകടമാവുകയാണ്. ഈ വൈരുധ്യം ഇന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തള്ളി മാധ്യമങ്ങളുടെ മുന്നില്‍ തങ്ങളാണ് ശരിയെന്ന് സ്ഥാപിക്കാന്‍ സംസ്ഥാന സെക്രട്ടറിയെ പ്രാപ്തനാക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു. സിപിഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് പാര്‍ട്ടി മാനദണ്ഡങ്ങളെക്കുറിച്ച് ക്ലാസെടുക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്നിട്ടിറങ്ങുന്നു.
നാളെ ഒരുപക്ഷേ സിപിഐ (കെ) എന്ന ഒരു പാര്‍ട്ടിയുടെ രൂപീകരണത്തിന് ഈ ഭിന്നത വഴിതെളിച്ചേക്കാം. ജെഎന്‍യുവില്‍ നിന്നും അഖിലേന്ത്യ നേതാവായി സിപിഐ ഉയര്‍ത്തിക്കാട്ടിയ കനയ്യകുമാര്‍ എന്ന വിദ്യാര്‍ഥി നേതാവിനെ ഇന്ന് കോണ്‍ഗ്രസുകാര്‍ പട്ടും വളയും നല്‍കി സ്വീകരിക്കാനിരിക്കയാണ്. കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാംഗ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഇന്ത്യന്‍ വനിത ദേശീയ ഫെഡറേഷന്‍ സെക്രട്ടറി ആനി രാജയുടെ വാദഗതി അംഗീകരിക്കുകയാണ് അവരുടെ ഭര്‍ത്താവ് കൂടിയായ ഡി. രാജ ചെയ്തത്.
ഇത് സിപിഎമ്മിന്റെ കാരുണ്യത്താല്‍ മാത്രം നിയമനിര്‍മാണസഭയില്‍ ഞെളിഞ്ഞിരിക്കുന്ന കേരളത്തിലെ സിപിഐക്കാര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത അപരാധമാണ്. ഈ അപരാധം വച്ചുപൊറുപ്പിക്കാന്‍ അവര്‍ക്ക് ആവുകയുമില്ല. എസ്.എ. ഡാങ്കെ എന്ന കമ്മ്യൂണിസ്റ്റ് അപ്പോസ്തലനെ നിരുപാധികം വിമര്‍ശിച്ച പാരമ്പര്യമുള്ള കേരളത്തില്‍ ഡി. രാജയെ വിമര്‍ശിക്കാന്‍ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്ന് പരസ്യമായി കേരളഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ദേശീയ- സംസ്ഥാന നേതൃത്വങ്ങളുടെ ഈ വൈരുധ്യം ഇനിയുമെത്രനാള്‍ ഒരുകുടക്കീഴില്‍ ചേര്‍ന്നുപോകുമെന്ന് ആകാംക്ഷയോടെ നോക്കി നില്‍ക്കുകയാണ് ഒരുപറ്റം നിരീക്ഷകര്‍.