keralaKerala NewsLatest News

തേങ്ങാ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ച സംഭവം; മന്ത്രി ഒ.ആര്‍. കേളു അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തേങ്ങാ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് ഉടൻ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിർദേശം നൽകി. സംഭവം കോഴിക്കോട് കുറ്റ്യാടി പ്രദേശത്താണ് നടന്നത്.

കുറ്റ്യാടി സ്വദേശി ജിഷ്മയുടെ പരാതിപ്രകാരം, തേങ്ങാ മോഷണത്തിന്റെ പേരിൽ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും ആരോപണമുണ്ട്. പ്രദേശത്ത് തേങ്ങാ മോഷണം തടയാനായി രൂപീകരിച്ച കമ്മിറ്റി അംഗങ്ങളായ മഠത്തില്‍ രാജീവനും മഠത്തില്‍ മോഹനനും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുവതി ആരോപിച്ചു.

“ഞാൻ ഉരുണ്ടു റോഡിലേക്ക് വീണു. ‘ആദിവാസികൾക്ക് ഇവിടെ രക്ഷയില്ലല്ലോ, ഞങ്ങൾക്കിവിടെ ജീവിക്കാൻ കഴിയുന്നില്ലല്ലോ’ എന്ന് കരഞ്ഞു. അവരുടെ തേങ്ങ കളവുപോയതാണെന്ന് അവർ പറഞ്ഞു. ഞാൻ എടുത്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ കൂട്ടം ആളുകൾ കൂടി വന്നു. എന്നെ റോഡിലൂടെ വലിച്ചിഴച്ചു. ഭര്‍ത്താവിന്റെ പേരിൽ കേസുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,” ജിഷ്മ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിൽ നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിച്ചു. തേങ്ങാ മോഷണത്തിന്റെ പേരിൽ ആദിവാസി സമൂഹത്തെ കുറ്റക്കാരായി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്മിറ്റി പരസ്യമായി പ്രവർത്തിച്ചിട്ടും, അതിനെതിരെ നടപടിയില്ലെന്ന കാര്യവും ഗുരുതരമാണെന്ന് ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tag: Minister OR Kelu demands urgent report on incident of tribal woman being beaten up on suspicion of coconut theft

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button