BusinessDeathKerala NewsLatest NewsUncategorized

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂ ഡെൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് രാത്രി ഡെൽഹിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ന്യൂഡെൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.

പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1979 ൽ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. 1993 ൽ ഗ്രൂപ്പിന്റെ ചെയർമാനായി. സ്ഥാനമേൽക്കുമ്പോൾ കേരളം, ഡൽഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിലായി 31 ബ്രാഞ്ചുകൾ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാർന്ന ബിസിനസ് വിഭാഗങ്ങൾ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്.

ഗ്രൂപ്പിനു കീഴിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ജോർജ് മൂത്തൂറ്റിനു കീഴിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണ വായ്പാ കമ്പനിയായി മാറിയിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ – ഫിക്കി) എക്സ്ക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചു.

ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ. 2011 ൽ എം.ജി.ജോർജ് മുത്തൂറ്റ് ഫോബ്സ് ഏഷ്യ പട്ടികയിൽ ഇന്ത്യയിലെ അൻപത് ധനികരിൽ ഉൾപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button