കേരളത്തിന് ഓണസമ്മാനമായാണ് മെസിയും അർജന്റീനയും എത്തുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ
കേരളത്തിന് ഓണസമ്മാനമായാണ് ലയണൽ മെസിയും അർജന്റീന ഫുട്‌ബോൾ ടീമും എത്തുന്നതെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു. ഒരുക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അർജന്റീന വരുന്നത് മുൻപ് തന്നെ ഉറപ്പായിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ രാത്രിയിലാണ് ഉണ്ടായത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം നടക്കുമെന്നും മന്ത്രി പറഞ്ഞു. മെസിയെ സ്നേഹിക്കുന്ന ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർജന്റീനയുമായി മത്സരിക്കാൻ നിരവധി ടീമുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും, ഇതിനകം ഓസ്ട്രേലിയൻ ടീം മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മത്സരവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ സർക്കാരിനില്ലെന്നും, സുരക്ഷാ ഒരുക്കങ്ങൾ മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തന്നെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നവംബറിൽ രണ്ട് സൗഹൃദ മത്സരങ്ങൾ നടക്കും. ഒന്നുകിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ, മറ്റൊന്ന് അംഗോളയിലാണ്. നവംബർ 10 മുതൽ 18 വരെ നടക്കുന്ന മത്സരങ്ങളുടെ കൃത്യമായ തീയതിയും എതിരാളികളുമാണ് ഇനി തീരുമാനിക്കാനുള്ളത്. മുൻപ് ഒക്ടോബറിൽ തന്നെ അർജന്റീന കേരളത്തിലെത്തുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും, ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഇതോടെ, കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്.
Tag: Minister V. Abdurahman says Messi and Argentina are coming as an Onam gift to Kerala