മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക യുഡിഎഫ് സമരം ഇന്ന്
തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്ന് സമരം നടത്തും. നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 10 നാണ് പ്രതിഷേധ ധര്‍ണ്ണ. നിയോജകമണ്ഡലം തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്്ഘാടനം ചെയ്യും. മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളിലും പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേമത്തും ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലുമാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്.
പി കെ കുഞ്ഞാലിക്കുട്ടി ,പി ജെ ജോസഫ് ,മാണി സി കാപ്പന്‍, ,അനൂപ് ജേക്കബ് തുടങ്ങിയവരും വിവിധ ജില്ലകളിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും. നിയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീം കോടതിയുടെ വിധിയില്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്.
കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ടെന്നും ഇത് പ്രത്യേക കേസായി വന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണമാണ് കേസും ശിക്ഷയുമെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.