ആ കളി ഇവിടെ വേണ്ട; റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിക്കെതിരെ മന്ത്രിമാർ

ഭരണത്തിൽ മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥസംവിധാനത്തിലേക്കും അധികാരം കേന്ദ്രീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിയോട് കടുത്ത എതിർപ്പുമായി മന്ത്രിമാർ. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതും വകുപ്പുസെക്രട്ടറിമാരുടെ അധികാരം മന്ത്രിമാർക്ക് തുല്യമാക്കുന്നതും അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്. സ്പ്രിംക്ലറും ലൈഫും അമിതാധികാ
രത്തിന്റെ പരിണതഫലമാണെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഇതുസംബന്ധിച്ച കരടുനിർദേശങ്ങൾ പരിശോധിക്കാൻ രണ്ട് തവണ ചേർന്ന യോഗത്തിലും മന്ത്രിമാർ എതിർപ്പ് അറിയിച്ചു.ബിഹാറിലോ ഉത്തരാഖണ്ഡിലോ ഇത് നടക്കുമായിരിക്കും എന്നാൽ കേരളത്തിൽ നടക്കില്ലെന്ന് സി.പി.ഐ. കക്ഷിനേതാവും റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരുംമാത്രം മതിയെങ്കിൽ മറ്റുമന്ത്രിമാർ എന്തിനാണ്? ജനാധിപത്യസംവിധാനത്തിൽ അധികാരം ജനപ്രതിനിധികളിൽ നിക്ഷിപ്തമായിരിക്ക
ണമെന്നും കരടുനിർദേശങ്ങളോട് യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കെ. കൃഷ്ണൻകുട്ടിയും കരടുനിർദേശ
ങ്ങളോട് യോജിച്ചില്ല. രണ്ടുപേരുടെയും എതിർപ്പ് യോഗത്തിൽ രേഖാമൂലം അവതരിപ്പിച്ചു. ഏതാനും മാസംമാത്രം ഭരണം അവശേഷിച്ചിരിക്കെ ഇത്തരമൊരു മാറ്റം എന്തിനാണെന്ന് മറ്റുരണ്ട് അംഗങ്ങളായ എ.കെ. ശശീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും ചോദിച്ചു.
മന്ത്രിമാരുടെ എതിർപ്പുകൂടാതെ, സി.പി.ഐ. ഉൾപ്പെടെയുള്ള പാർട്ടികളും സെക്രട്ടറിമാർക്ക് അമിതാധികാരം നൽകുന്നതിനെ എതിർക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അമിതാധികാരം ലഭിച്ചതിന്റെ പരിണതഫലമാണ് സ്പ്രിംക്ലർ മുതൽ ലൈഫ് മിഷൻ വരെയുള്ള പദ്ധതികളിലെ തിരിച്ചടികൾ. അതിന്റെ കെടുതി സർക്കാരാകെ അനുഭവിക്കുമ്പോൾത്തന്നെ ഇത്തരമൊരു പരിഷ്കാരം കൊണ്ടുവന്ന് അത് വ്യവസ്ഥാപിതമാക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ലെന്നാണ് മന്ത്രിമാരുടെ പക്ഷം.
ഇന്ത്യ കൈക്കൊണ്ട ബ്രിട്ടീഷ് ജനാധിപത്യക്രമം പാർലമെന്ററി ജനാധിപത്യത്തിന്റേതാണ്. നിയമസഭയിലെ കക്ഷിനില പ്രതിഫലിക്കുന്ന മന്ത്രിസഭയും ജനാധിപത്യഭരണവും എന്നതാണ് അതിനടിസ്ഥാനം. മന്ത്രിസഭയിൽ വോട്ടിനിട്ട് തീരുമാനമെടുക്കാത്തതും എടുക്കുന്ന തീരുമാനങ്ങൾക്ക് കൂട്ടുത്തരവാദിത്വം കല്പിക്കുന്നതും അതിനാലാണ്. ഇതിൽനിന്നുമാറി പ്രസിഡൻഷ്യൽ ക്രമത്തിലേക്കുള്ള മാറ്റമാണ് സെക്രട്ടറിമാർക്ക് മന്ത്രിമാർക്ക് തുല്യമായ അധികാരം നൽകുന്നതെന്നാണ് വിമർശനം. ഇത് ഭരണസംവിധാനത്തിന്റെ അടിസ്ഥാനസ്വഭാവത്തെത്തന്നെ മാറ്റുമെന്നതും തീർച്ചയാണ്.