ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സുപ്രീംകോടതിയില്‍ കേരളത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേയില്ല. 80: 20 അനുപാതം ശരിയല്ലെന്നും സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നുമുള്ള ഹൈക്കോടതി വിധി നിലനില്‍ക്കും. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഏല്‍ക്കേണ്ടിവന്നിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷിക്കാര്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്‌കോളര്‍ഷിപ്പ് നല്‍കേണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിക്കാതെ സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അത് അനര്‍ഹര്‍ക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലിം വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 80 ശതമാനവും മറ്റുള്ളവര്‍ക്ക് 20 ശതമാനവും നീക്കിവച്ചത് ഭരണഘടനാവിരുദ്ധം എന്ന് ചുണ്ടിക്കാട്ടിയായിരുന്നു കോടതി അനുപാതം റദ്ദാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറിന് പുറമെ ഒരു മുസ്ലിം ട്രസ്റ്റും കോടതിയെ സമീപിച്ചിരുന്നു. സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്താല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്റെ വാദം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമിതിച്ചു. എന്നാല്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിന്മേലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതിനാല്‍ വിഷയം കക്ഷികളുടെ നിലപാടുകള്‍ കേട്ട ശേഷം വിശദമായി പിന്നീട് പരിഗണിക്കും. നിലവില്‍ മുസ്ലിം വിഭാഗത്തില്‍ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്കുകള്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് പക്കലുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നോക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ പക്കല്‍ ആധികാരിക രേഖകള്‍ ഇല്ല.
സാഹചര്യം പഠിക്കാന്‍ കോശി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അനുപാതം പുനഃപരിശോധിക്കും. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ സിറോമലബാര്‍ സഭ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു സഭയുടെ നിലപാട്.