പീഡനാരോപണങ്ങളിൽ കുടുങ്ങി മിനു മുനീർ; തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി നടന്മാർക്കെതിരെ പീഡനാരോപണങ്ങൾ ഉന്നയിച്ച നടി മിനു മുനീറെ, തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പെൺവാണിഭ സംഘത്തിനു കൈമാറിയെന്ന കേസിലാണ് നടപടി.
ചെന്നൈ തിരുമംഗലം പൊലീസ്, ഇന്നലെ കേരളത്തിലെത്തി മിനുവിനെ കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുക.
കേസനുസരിച്ച്, 2014ൽ 16 വയസ്സുള്ള പെൺകുട്ടിയെ ഓഡിഷൻ എന്ന പേരിൽ ചെന്നൈ തിരുമംഗലത്തെ ഒരു ഫ്ലാറ്റിൽ എത്തിച്ചുവെന്നാണ് പരാതി. അവിടെ ഉണ്ടായിരുന്ന ആറു പേർ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും, ‘അഡ്ജസ്റ്റ്’ ചെയ്യാൻ മിനു ആവശ്യപ്പെട്ടുവെന്നും പറയുന്നു.
ചെന്നൈയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി നാട്ടിലെത്തി മിനുവുമായി ബന്ധം വിച്ഛേദിച്ചു. പിന്നീട് ദുരനുഭവം തുറന്നുപറഞ്ഞ യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവം തിരുമംഗലം പൊലീസ് പരിധിയിൽപ്പെട്ടതിനാൽ കേസ് അവർക്കാണ് കൈമാറിയത്.
Tag; Minu Muneer, caught in rape allegations; in Tamil Nadu police custody