പരീക്ഷണ വിക്ഷേപണത്തിനിടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ തകര്‍ന്നു
പരീക്ഷണ വിക്ഷേപണത്തിനിടെ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ തകര്‍ന്നു. 450 കിലോമീറ്റര്‍ വരെ ദൂരത്തേക്ക്് എത്തിക്കാന്‍ കഴിവുള്ള മിസൈലിന്റെ പുതിയ വകഭേദത്തിന്റെ പരീക്ഷണത്തിനിടയിലായിരുന്നു സംഭവം.
ഒഡിഷ തീരത്ത് തിങ്കളാഴ്ച നടന്ന ടേയ്ക്ക് ഓഫിന് പിന്നാലെയാണ് സംഭവം. പരീക്ഷണ വിക്ഷേപണത്തിന്റെ പരാജയ കാരണങ്ങള്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും ബ്രഹ്മോസ് എയ്റോസ്പേസ് കോര്‍പ്പറേഷന്റെയും സംയുക്ത സംഘം വിശകലനം ചെയ്യുമെന്ന് അധികൃതര്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. എന്നാല്‍ പൂര്‍ണമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ. പരീക്ഷണങ്ങളില്‍ വളരെ അപൂര്‍വമായി മാത്രം പരാജയപ്പെട്ടിട്ടുള്ള ഒരു മിസൈലാണ് ബ്രഹ്മോസ്. മൂന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാനായായിരുന്നു സാധാരണ നിലയില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നത്.
ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) റഷ്യയുടെ എന്‍പിഒ മഷിനോസ്‌ട്രോയീനിയയും (എന്‍പിഎം) സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. അതേസമയം നിലവില്‍ സൂപ്പര്‍ സോണിക് സാങ്കേതികത ഉപയോഗിച്ച് അതില്‍ കൂടുതല്‍ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാനാണ് ബ്രഹ്മോസ് ഉപയോഗിച്ച് ശ്രമിക്കുന്നത്. ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ എന്ന പേര് ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്‌ക്വ എന്നീ രണ്ട് നദികളില്‍ നിന്നാണ് ലഭിച്ചത്.