Latest NewsNationalNews

കാണാതായിട്ട് 6 ദിവസം. യുപിയില്‍ പെണ്‍കുട്ടിയെ കുഴിച്ച് മൂടി;പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം

ലഖ്നോ: ഉത്തര്‍പ്രദേശില്‍നിന്ന് മനസ്സാക്ഷി മരവിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തുവരുന്നു. ആറുദിവസം മുമ്പ് കാണാതായ 13 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹറിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തശേഷം കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെ കാണാതായ വയലില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ബുലന്ദ്ഷഹറിലെ സിറൗര ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടി ഫെബ്രുവരി 25ന് അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് പെണ്‍കുട്ടി വയലിലെത്തിയത്. ദാഹം തോന്നിയതിനെത്തുടര്‍ന്ന് വെള്ളം കുടിക്കാനായി അടുത്ത വീട്ടിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പരിസരങ്ങളിലെല്ലാം വീട്ടുകാര്‍ കുട്ടിയെ തിരഞ്ഞു. വെള്ളം കുടിക്കാന്‍ പോയിരുന്ന വീട്ടിലും പെണ്‍കുട്ടിയെ അന്വേഷിച്ചുപോയി.

എന്നാല്‍, അവിടെയെങ്ങും കുട്ടിയെ കണ്ടെത്താനായില്ല. അന്ന് അവിടെ ഒരു മദ്യപിച്ച യുവാവിനെ കണ്ടിരുന്നൂവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അനൂപ്ശഹര്‍ പോലിസിലാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായതിന്റെ 100 മീറ്റര്‍ അകലെ കുഴിയെടുത്തതായി വിവരം ലഭിച്ച ഗ്രാമവാസികള്‍ പോലിസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ജില്ലാ ഭരണാധികാരികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. അതേസമയം, മദ്യപിച്ച യുവാവാണ് മകളെ ബലാല്‍സംഗം ചെയ്തതെന്നും തുടര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

മകള്‍ക്ക് സംസാര വൈകല്യമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ പോയ വീട്ടില്‍ ഒരു അച്ഛനും മകനുമാണ് താമസമെന്ന് ബുലന്ദ്ശഹര്‍ എസ്എസ്പി എസ് കെ സിങ് പറഞ്ഞു. അച്ഛനെ ഇതിനകം തന്നെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ടെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ബുലന്ദ്ഷഹര്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറും വ്യക്തമാക്കി. മകന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നു.

യുവാവിനെ ഈ വീട്ടില്‍ കണ്ടതിനാല്‍ ലൈംഗികാതിക്രമത്തെ തള്ളിക്കളയാനാവില്ല. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയെടുക്കും. പ്രതിയെ എത്രയും വേഗം അറസ്റ്റുചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പീഡനപരാതി കൂടി മാതാപിതാക്കള്‍ നല്‍കിയതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button