ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിക്കടുത്ത വെട്ടിച്ചിറയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചേറ്റൂർ സ്വദേശി കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു.
കഴിഞ്ഞ മാസം പത്തു മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായ സുബീറ വിവാഹിതയായിരുന്നുവെങ്കിലും ഒരു വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. തിരൂർ ഡി.വൈ.എസ്പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി.ഐ പി.എം. ഷമീർ ആണ് കേസ് അന്വേഷിച്ചത്. അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലിസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു.
കാണാതായ സുബീറക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആഴ്ചകളുടെ അന്വേഷണത്തിൽ പെൺകുട്ടി എവിടെയാണെന്ന് കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിരുന്നില്ല.
ശാസ്ത്രീയമായ മാർഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനും പൊലിസ് ശ്രമം നടത്തിയിരുന്നു. പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലിസ്. അതിനിടെയാണ് തൊട്ടടുത്ത പറമ്പിൽ കുഴിച്ചിട്ട നിലയിൽ പെൺകുട്ടിയുടേതെന്ന മൃതദേഹം കണ്ടെത്തിയത്.