CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാല് വെട്ടുമെന്ന് എംഎൽഎ കെ കുഞ്ഞിരാമന്റെ ഭീഷണി,

പാർട്ടി ഗ്രാമങ്ങൾ ജനാധിപത്യത്തിൻറെ മരണ സാങ്കേതങ്ങൾ ആണ്. മരിച്ചവരും പ്രവാസികളും നിരനിരയായി വന്ന് വോട്ട് ചെയ്യുന്ന സ്ഥലങ്ങൾ. പാർട്ടി ഗ്രാമത്തിൽ ഒരു വിമതൻ ഉണ്ടെങ്കിൽ ആ കുടുംബത്തിൻറെ കാര്യം കട്ടപ്പൊക. ഒരു ഇലക്ഷനിലും തൻറെ വിലയേറിയ വോട്ട് രേഖപ്പെടുത്താം എന്ന് അവൻ വ്യാമോഹിക്കയെ വേണ്ടാ. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം ഫേസ് ബൂക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പ്രിസൈഡിംഗ് ഓഫീസർ.

കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് പോളിംഗ് സ്‌റ്റേഷനിൽ സിപിഎം പ്രവർത്തകരിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നതിന്റെ,അനുഭവമാണ് ഡോ. കെ. എം. ശ്രീകുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത് സ്ഥലം എംഎൽഎ കെ കുഞ്ഞിരാമൻ ആയിരുന്നെന്നും കേരള കാർഷിക സർവകലാശാലയിലെ അദ്ധ്യാപകൻ കൂടിയായ ഡോ. കെ. എം. ശ്രീകുമാർ പറയുന്നു.

ഡോ. കെ. എം. ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.

വടക്കേമലബാറിലെ പാർട്ടി ഗ്രാമത്തിൽ ഒരു പോളിങ് അനുഭവം
(പാർട്ടി ഗ്രാമം എന്നുദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പാർട്ടിക്കും മാത്രം മൃഗീയ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളെയാണ്. അത് മാർക്സിസ്റ്റ് പാർട്ടിയുടെതോ മുസ്ലിംലീഗിന്റേതോ ബിജെപിയുടെതോ കോൺഗ്രെസ്സിന്റെതോ ആകാം) ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എനിക്കു ഡ്യൂട്ടി കിട്ടിയത് കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലായിരുന്നു. ജി എൽ പി സ്കൂൾ ചെർക്കപാറ കിഴക്കേഭാഗം ആയിരുന്നു പോളിംഗ് സ്റ്റേഷൻ. ഞങ്ങൾ ഞായറാഴ്ച ഉച്ച ആകുമ്പോഴേക്കും പോളിംഗ് സ്റ്റേഷനിൽ എത്തി. നല്ല വൃത്തിയുള്ള സ്കൂൾ. ടോയ്‌ലറ്റുകളും വൃത്തിയുണ്ട്. എൻറെ ടീമിൽ നാലു വനിതകളാണ് ആണ്. ഞങ്ങൾ ജോലി തുടങ്ങി.

വൈകുന്നേരം പോളിംഗ് ഏജന്റു മാർ വന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചു. ” ഇവിടെ സിപിഎമ്മിന് മാത്രമേ ഏജന്റുമാർ ഉള്ളൂ. കഴിഞ്ഞ തവണ തൊണ്ണൂറ്റി നാല് ശതമാനം പോളിംഗ് നടന്ന പ്രദേശമാണ് ആണ്. ഇത്തവണയും അത്രയും ഉയർന്ന പോളിങ് ഞങ്ങൾ പ്രതീക്ഷിക്കുന്നു”. ഞാൻ അപകടം മണത്തു. കുറഞ്ഞത് പത്തു ശതമാനമെങ്കിലും കള്ളവോട്ട് ആകണം. ഞാൻ ഭവ്യതയോടെ പറഞ്ഞു “തിരിച്ചറിയൽ കാർഡ് വച്ച് വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങളുടേതാണ് , ഞങ്ങൾ അത് ഭംഗിയായി ചെയ്യും” “അത് നമ്മൾക്ക് കാണാം” എന്ന് പോളിങ് ഏജൻറ് വിജയൻ മറുപടി പറഞ്ഞു. കാണാമെന്ന് ഞാനും.

ഡിസംബർ 14 ന്റെ പ്രഭാതം പൊട്ടിവിരിഞ്ഞു. രാവിലെ വാർഡ് സ്ഥാനാർത്ഥി വിജയേട്ടന്റെ വക കട്ടൻചായ. ആറുമണി ആയപ്പോഴേക്കും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം വീഡിയോ റെക്കോർഡിങ് നടത്താൻ വീഡിയോഗ്രാഫർ എത്തിച്ചേർന്നു ( ആ വീഡിയോയുടെ പിൻബലത്തിലാണ് ആണ് ഈ ലേഖനം). കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. ആദ്യത്തെ വോട്ടറുടെ തിരിച്ചറിയൽ കാർഡ് വാങ്ങി ഞാൻ പരിശോധിച്ചു. മുഖത്തേക്കുനോക്കി ഫോട്ടോവിലും നോക്കി. കുഴപ്പമില്ല. ഇതു കണ്ടു കൊണ്ട് മാർക്സിസ്റ്റ് പാർട്ടിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ശ്രീ. മണികണ്ഠൻ വന്നു, സ്വയം പരിചയപ്പെടുത്തി, മുൻപ് എന്നെ ഒരു കാര്യത്തിനു വിളിച്ചത് ഓർമിപ്പിച്ചു, എന്നിട്ട് വളരെ മര്യാദയോടു കൂടി “പുറത്തുവച്ച് ഐഡൻറിറ്റി കാർഡ് പരിശോധിക്കേണ്ടത് ഇല്ലല്ലോ” എന്നു പറഞ്ഞു.

ശരി, ഞാൻ വോട്ടർ മുറിയുടെ അകത്തേക്ക് കടന്ന ശേഷം രേഖ പരിശോധിക്കാൻ തുടങ്ങി. അപ്പോഴേക്കും മണികണ്ഠൻ വന്ന് എന്നെ ശക്തമായി താക്കീത് ചെയ്തു. “നിങ്ങൾ രേഖ പരിശോധിക്കേണ്ടതില്ല അത് ഒന്നാം പോളിങ് ഓഫീസർ ചെയ്തുകൊള്ളും” എന്നു പറഞ്ഞു. പോളിംഗ് ഏജൻറ്മാരും ബഹളം വച്ചു കൊണ്ട് എഴുന്നേറ്റു വന്നു. ഇത് പലതവണ ആവർത്തിച്ചു. അപ്പോഴാണ് ബഹുമാനപ്പെട്ട ഉദുമ എം.എൽ.എ. കെ. കുഞ്ഞിരാമൻ വോട്ട് ചെയ്യാൻ വന്നത്. അദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടു. എന്നോട് “നിങ്ങൾ പ്രിസൈഡിങ് ഓഫീസറുടെ കസേരയിൽ ഇരുന്നാൽ മതി, ഒന്നാം പോളിങ് ഓഫീസർ രേഖ പരിശോധിക്കും” എന്നു പറഞ്ഞു. “ഓഫീസർക്കാണ് ആകെ ഉത്തരവാദിത്വം, ഞാൻ എവിടെയിരിക്കണമെന്ന് എനിക്കറിയാം” എന്ന് ഞാൻ പ്രതികരിച്ചു.

പിന്നീടദ്ദേഹം ജില്ലാകലക്ടറെ ഫോൺ ചെയ്തശേഷം പോകുമ്പോൾ എന്നോട് “മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും” എന്ന് ഭീഷണിപ്പെടുത്തി. ഞാൻ പോലീസിനോട് “പോലീസേ എംഎൽഎ പറഞ്ഞതു കേട്ടല്ലോ” എന്നു പറഞ്ഞു. കലക്ടർ എന്നെ ഫോണിൽ വിളിച്ചപ്പോൾ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. രേഖ പരിശോധന ഒന്നാം പോളിങ് ഓഫീസർ ചെയ്യേണ്ടതാണ്, അത് അങ്ങനെ തന്നെ ആവട്ടെ എന്ന് കലക്ടർ നിർദേശിച്ചു. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ പിലാത്തറയിൽ ഒരാൾ രണ്ടുതവണ വോട്ട് ചെയ്യുന്നത് കണ്ടെത്തിയപ്പോൾ സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് കാണിച്ചു കൊണ്ട് കമ്മീഷൻ പിടികൂടിയത് പ്രിസൈഡിങ് ഓഫീസറെ ആയിരുന്നു എന്നത് ഓർമിച്ചുകൊണ്ട് ഞാൻ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്തു ചെന്നിരുന്ന് രേഖകൾ വീണ്ടും പരിശോധിക്കുവാൻ തുടങ്ങി. പുറമേ ധൈര്യം കാണിച്ചിരുന്നു എങ്കിലും ഞാൻ പതറിയിരുന്നു. കാലു വെട്ടാൻ നേതാവ് ആഹ്വാനം ചെയ്താൽ നടപ്പാക്കാൻ ഒരുപാട് അനുയായികൾ ഉണ്ടല്ലോ. കേവലം രണ്ടു പൊലീസുകാർക്ക് എന്ത് ചെയ്യുവാൻ കഴിയും? അല്പമകലെ ചെറുപ്പക്കാർ കൂടി നിൽപ്പുണ്ട്. കുറച്ചുപേർ ജനലിൽ കൂടി നോക്കുന്നുണ്ട്.

ഏതായാലും ഞാൻ കാർഡുകൾ പരിശോധിക്കുന്നതായി ഭാവിച്ചു. ഒരു കാർഡിലെ ഫോട്ടോയും ആളും തമ്മിൽ വലിയ വ്യത്യാസം കണ്ടതിനാൽ താങ്കൾ യഥാർത്ഥ വോട്ടർ തന്നെയാണോ എന്ന് സംശയം ഉണ്ട് എന്നു പറഞ്ഞു. ഉടൻ പോളിങ് ഏജൻറ്മാർ ബഹളംവച്ചു. ഞങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം , നിങ്ങൾ യുഡിഎഫിനെ ഏജൻറ് ആണ് എന്ന് അവർ കയർത്തു. അല്പനേരത്തിനുശേഷം ഒരു ചെറുപ്പക്കാരനും വനിതയും കയറി വന്നു. അവർ സിപിഎമ്മിൻറെ സ്ഥാനാർത്ഥികൾ ആണെന്നു പറഞ്ഞു. പക്ഷേ “എനിക്കു നിങ്ങളെ പരിചയമില്ല, നിങ്ങളുടെ കയ്യിൽ സ്ഥാനാർഥിയാണ് എന്നു കാണിക്കുന്ന രേഖ ഉണ്ടെങ്കിൽ കാണിക്കൂ” എന്ന് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അവർ ബഹളംവച്ചു.

ചെറുപ്പക്കാരൻ എന്നെ ഭീകരമായി ഭീഷണിപ്പെടുത്തി. “സിപിഎം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, നിന്നെ ഞങ്ങൾ വെച്ചേക്കില്ല, വലിയ ഡിജിപി ആയിരുന്ന ജേക്കബ് തോമസിന്റെ ഗതി എന്തായി എന്ന് അറിയില്ലേ” എന്നൊക്കെ പറഞ്ഞു. എൻറെ സർവ്വ നാഡികളും തളർന്നു. അയാളുടെ ഭീഷണി അത്രയ്ക്ക് യാഥാർത്ഥ്യമായിരുന്നു. അതോടെ ഞാൻ തിരിച്ചറിയൽ കാർഡ് പരിശോധന ഇടയ്ക്ക് മാത്രം ആക്കി. പുറമേ ഒന്നും നടന്നില്ലെന്ന് ഭാവിച്ചു എങ്കിലും കേവലം ഒരു പാവ മാത്രമായി ഞാൻ. പോളിംഗ് അനുസ്യൂതമായി തുടർന്നു.

ഉച്ചയ്ക്കുശേഷം മുൻപ് വോട്ട് ചെയ്തു എന്നു സംശയം തോന്നിയ ചിലരെ വീണ്ടും ക്യൂവിൽ കണ്ടപ്പോൾ ധൈര്യം സംഭരിച്ച് അവരുടെ കാർഡ് പരിശോധിച്ചു. യഥാർത്ഥ വോട്ടർ അല്ല എന്ന് കണ്ടു വോട്ട് ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു. പോളിംഗ് ഏജൻറ്മാർ എന്നോട് കയർത്തു. ഒരു തിരിച്ചറിയൽ കാർഡും ഇല്ലാത്ത ഒരു വോട്ടർ വന്നപ്പോൾ ഞാൻ തടഞ്ഞു. അപ്പോൾ പോളിംഗ് ഏജൻറ് വിജയൻ “അയാൾ ഈ ബൂത്തിൽ വോട്ട് ചെയ്തിരിക്കും ഞാനാണ് പറയുന്നത് ” എന്ന് വെല്ലുവിളിച്ചു. കുറച്ചുകഴിഞ്ഞ് അയാൾ ഏതോ ഒരു കാർഡുമായി വന്നപ്പോൾ അപ്പോൾ ഞാൻ തടഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മറ്റൊരു കാർഡുമായി വന്നു. ഏജൻറ്‌മാർ ബഹളം വച്ചപ്പോൾ എനിക്ക് വോട്ട് ചെയ്യാൻ സമ്മതിക്കേണ്ടിവന്നു. ഇതൊക്കെ പലതവണ ആവർത്തിച്ചു.

ഒടുവിൽ എല്ലാം പൂട്ടിക്കെട്ടി കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ കൊടുത്തു കഴിഞ്ഞപ്പോൾ ജില്ലാ കളക്ടർ ഡോക്ടർ സജിത് ബാബു നിൽക്കുന്നതു കണ്ടു. അപ്പോൾ ഒന്നാം പോളിങ് ഓഫീസർ ” സാറേ ഇനി വീട്ടിൽ പോയി വായിൽ വിരൽ ഇട്ടു എല്ലാം ചർദ്ദിച്ചു കളയണം എന്നിട്ടു ഒന്നു കുളിക്കണം എന്നാലേ വൃത്തിയാകൂ, അത്രയ്ക്ക് തെറിയഭിഷേകം കിട്ടി” എന്നു കളക്ടറോട്‌ പറഞ്ഞു. രാത്രിയിൽ അന്നത്തെ സംഭവങ്ങൾ മനസ്സിൽ ഇതിൽ റീപ്ലേ ചെയ്തു. നീ നട്ടെല്ലില്ലാത്തവൻ ആയിപ്പോയി, കള്ളവോട്ടു തടയാൻ നിനക്കു സാധിച്ചില്ലല്ലോ എന്ന് എൻറെ മനസ്സ് പറഞ്ഞു. ആത്മനിന്ദയും പരാജയ ബോധവും കൊണ്ട് ഉറക്കം വന്നതേയില്ല. പിറ്റേന്നുതന്നെ സംസ്ഥാന ഇലക്ഷൻ കമ്മീഷനു പരാതി അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button