എം എം ഹസൻ പുതിയ യുഡിഎഫ് കൺവീനർ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസൻ കേരളത്തിൽ പുതിയ യുഡിഎഫ് കൺവീനറാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്. ബെന്നി ബെഹന്നാന്‍ രാജി വച്ച സ്ഥാനത്തേക്കാണ് ഹസന്‍ എത്തുന്നത്. ബെന്നി ബെഹന്നാന്‍ എംപിയുടെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ ഭിന്നതയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ബെന്നി ബെഹന്നാന്‍ നിഷേധിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെയാണ് നിയമനമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഘടക കക്ഷികളുമായും കൂടിയാലോചിച്ച ശേഷമാണ് പുതിയ ചെയര്‍മാനെ തീരുമാനിച്ചതെന്നും ചെന്നിത്തല അറിയിച്ചു.
യുഡിഎഫ് കണ്‍വീനറായി രണ്ടു വര്‍ഷം സ്തുത്യര്‍ഹമായ സേവനം നടത്തിയ ശേഷം കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ബെന്നി ബഹന്നാനു പകരമാണ് ഹസനെ കണ്‍വീനറായി തെരഞ്ഞെടുത്തത്. കെപിസിസി മുന്‍ അധ്യക്ഷനായ ഹസന്‍ മുന്നണി ചെയര്‍മാനാകുന്നത് ഇതാദ്യമാണ്. നിയമബിരുദധാരിയായ ഹസന്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണു പൊതുരംഗത്തെത്തിയത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റും കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനുമായിരുന്നു. 2017 മാര്‍ച്ച് 25 മുതല്‍ 2018 സെപ്റ്റംബര്‍ 18 വരെ കെപിസിസി പ്രസിഡന്‍റായിരുന്നു. 1980 ല്‍ കഴക്കൂട്ടത്തു നിന്നും 1987 ല്‍ തിരുവനന്തപുരം വെസ്റ്റില്‍ നിന്നും 2001 ല്‍ കായംകുളത്തു നിന്നും നിയമസഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടു. 2001 ല്‍ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ അംഗമായിരുന്നിട്ടുണ്ട്..
തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ്, കെപിസിസി വൈസ് പ്രസിഡന്റ് , ഔദ്യോഗിക വക്താവ്, എന്നീ നിലകളില്‍ പ്രവർത്തിച്ച അദ്ദേഹം എഐസിസിയിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.