മാറാട് കലാപകാലത്ത് മുസ്ലീങ്ങളെ മുണ്ടും മടക്കിക്കുത്തി സംരക്ഷിച്ചത് സിപിഎമ്മുകാരാണെന്ന് എം.എം മണി

മുസ്ലിങ്ങളുടെ സംരക്ഷണത്തിനായി ഡെല്‍ഹിയില്‍ പോയ കുഞ്ഞാലിക്കുട്ടി എന്ത് ചെയ്തുവെന്ന് മന്ത്രി എം എം മണി. മുസ്ലിം ലീഗിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്നും മുസ്ലിങ്ങളുടെ ആകെ അവകാശം ലീഗിനല്ലെന്നും സി പി എമിനാണെന്നും മന്ത്രി എം എം മണി വ്യക്തമാക്കി. തലശ്ശേരി, മാറാട് കലാപകാലത്ത് മുണ്ടുമടക്കിക്കുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം രൂപവത്കരിച്ചപ്പോള്‍ ഇ എം എസ് മറ്റൊരു പാകിസ്ഥാന്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് ഇപ്പോള്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസാണ് അന്ന് അങ്ങനെ പറഞ്ഞത്. തലശ്ശേരി കലാപത്തിന്റെ സമയത്ത് സി എച്ച് മുഹമ്മദ് കോയ അടക്കം ആരും അവിടേക്ക് വന്നില്ല. ഇ എം എസും എംവി രാഘവനും പിണറായിയുമാണ് അന്ന് അതിനെ ഫലപ്രദമായി നേരിട്ടതെന്നും മന്ത്രി മണി പറഞ്ഞു.
ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും ബഡായിയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ ഇപ്പോള്‍ ആര്‍ക്കും ഒരു നിലപാട് പറയാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.