മാന്യത പേപ്പറിലുണ്ട്… പക്ഷെ പെരുമാറ്റത്തിലില്ല…

കൊല്ലം ചടയമംഗലത്തേത് വയോധികൻ്റെ ചെകിടത്തടിച്ച സംഭവം ചില വെളിപ്പെടുത്തലുകൾ ആണ്. എത്ര മൈത്രി പറഞ്ഞാലും മാറാത്ത ചില ശീലങ്ങൾ ഉണ്ട് ഇപ്പോഴും പോലീസിൽ എന്നതിൻ്റെ വെളിപ്പെടുത്തൽ. എത്ര ശുദ്ധീകരിച്ചാലും മറാത്ത കീടങ്ങൾ ഉണ്ട് ഇപ്പോഴും സേനയിൽ എന്ന വെളിപ്പെടുത്തൽ. ഹെൽമെറ്റ് ഇടാത്തതിന്റെ പേരിൽ ചടയമംഗലത്ത് 69 വയസ്സായ ഒരു വയോധികനെ മാടുകളെ വാഹനത്തിൽ കയറ്റുംപോലെ മുഖത്തടിച്ച് വാഹനത്തിൽ പിടിച്ച് കയറ്റിയത് ഒരു ട്രെയിനി എസ്.ഐ ആണ് എന്ന് പറയുന്നിടത്താണ് സേനയിലെ ഈ കീടബാധ ശരിക്കും നമ്മെ ഞെട്ടിക്കുന്നത്. പരിശീലന കാലയളവിൽ ഇതാണെങ്കിൽ പിന്നത്തെ കാര്യം പറയാതിരിക്കുകയാവും ഭേദം. റോഡിൽ നിയമങ്ങൾ യാത്രക്കാരന് മാത്രമാണെന്ന ചില ഉദ്യോഗസ്ഥരുടെ മിഥ്യ ധാരണയാണ് ഈ പ്രഹസനത്തിൻ്റെ ഒക്കെ പ്രധാന ഹേതു.
വാഹന പരിശോധനയ്ക്കിടെ പോലീസുകാരുടെ കിരാതമുറകൾ തുടർന്ന് വരുമ്പോഴാണ് പോലീസുകാർ നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങളെ കുറിച്ച് സർക്കാരിൽനിന്ന് പല ഉത്തരവുകളും വീണ്ടും ചർച്ചയാകുന്നത്. ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല എത്ര പോലീസുകാർക്ക് അറിയാമെന്നതു പോലും സംശയമാണ്. മുൻ കാലങ്ങളിൽ തന്നെ പരിശോധന സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. അതും പോരാഞ്ഞ് കോവിഡ് കാലത്ത് വെറെ കുറെ നിർദ്ദേശങ്ങളും ഇവർക്ക് നൽകിയിരുന്നു.. പൊതുജനങ്ങളുടെയും ഒപ്പം അറിഞ്ഞിട്ടും അറിയാതെ നടിക്കുന്ന ഉദ്യോഗസ്ഥ വിഭാഗത്തിൻ്റെയും ശ്രദ്ധയിലേക്കായി അ നിയമങ്ങൾ ഒന്നു കൂടി ഓർമ്മപ്പെടുത്തട്ടെ…
കോവിഡ് കാലത്ത് ദിവസേനയുളള വാഹനപരിശോധന ഒഴിവാക്കണമെന്നും കള്ളക്കടത്ത് പോലുള്ള സംഭവങ്ങൾ നടക്കുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചാൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നുമായിരുന്നു പോലീസിന് ലഭിച്ച നിർദേശം.ശാരീരിക അകലം പാലിച്ചായിരിക്കണം പരിശോധന, നിയമലംഘനം കണ്ടെത്തിയാൽ പിഴ തുക ബാങ്കിലടക്കാൻ നിർദേശിക്കണമെന്നും കോവിഡ് കാലത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നു. പക്ഷെ ഈ നിബന്ധനകളെല്ലാം കാറ്റിൽ പറത്തുകയാണ് ചില പോലീസുകാർ.
ഇതിനു പുറമേ പോലീസുകാർ വാഹനം പരിശോധിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ ഇങ്ങനെയാണ്…
ട്രാഫിക് ചട്ടലംഘനങ്ങൾ പ്രത്യേകിച്ചും പെറ്റികേസുകൾ ശ്രദ്ധയിൽ പെടുമ്പോൾ വ്യക്തികളെ ക്ഷോഭിച്ച് ശാസിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുത്.മനഃപൂർവം അപകടങ്ങൾ ഉണ്ടാക്കണം എന്ന ദുഷ്ടലാക്കോടെ കുറ്റം ചെയ്യുന്ന പ്രവൃത്തികളാവില്ല ട്രോഫിക് നിയമലംഘനങ്ങളിൽ ഭൂരിഭാഗവും, അതിനാൽ ബോധപൂർവം കുറ്റം ചെയ്യുന്ന ക്രിമിനൽ കുറ്റവാളികളോട് ഇടപെടുമ്പോഴുള്ള മനോഭാവം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ഉടമയെയോ വാഹനത്തെയോ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ല.യൂണിഫോമിലുള്ള മോട്ടർ വാഹന ഉദ്യോഗസ്ഥനോ എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനോ ആണ് വാഹനം തടഞ്ഞു നിർത്തി രേഖകൾ പരിശോധിക്കാ
നുള്ള അവകാശം. എല്ലാ രേഖകളും യഥാർഥ പതിപ്പ് വാഹനത്തിൽ ഉണ്ടാകേണ്ടതില്ല. ഡ്രൈവിങ് ലൈസൻസ് കൈയ്യിലുണ്ടാകണം. മറ്റു രേഖകളുടെ പകർപ്പ് സൂക്ഷിച്ചാൽ മതിയാകും. ഡിജിറ്റലായും ഇവ സൂക്ഷിച്ചാൽ മതി.യഥാർഥ രേഖകളില്ലെങ്കിൽ 15 ദിവസത്തിനകം അവ ഹാജരാക്കിയാലും മതി.
വാഹനം പരിശോധിക്കുമ്പോൾ ഉദ്യോഗസ്ഥർ മാന്യമായി ഇടപെടണം. വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കാൻ പാടില്ല.
പെറ്റിക്കേസുകളിൽ, സ്ത്രീകളും കുട്ടികളും വാഹനത്തിൽ ഉണ്ടെങ്കിൽ വാഹനം പരിശോധനയ്ക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പാടില്ല. നിയമലംഘനം ഉണ്ടായാൽ നോട്ടിസ് നൽകി പിഴ അടയ്ക്കാൻ ആവശ്യപ്പെടാം. പിഴ എങ്ങനെ അടയ്ക്കണമെന്ന് ഉടമയ്ക്ക് തീരുമാനിക്കാം.
മദ്യപിച്ചു വാഹനം ഓടിച്ചാൽ മദ്യപിച്ചവരെ വൈദ്യപരിശോധന നടത്തണം. പിഴ നോട്ടിസ് നൽകി, രേഖകളിൽ എഴുതിവച്ച ശേഷം ജാമ്യത്തിൽ വിടണം. ഓടിച്ചയാൾ മദ്യപിച്ചതിനാൽ മറ്റൊരാൾ വന്നാലേ വാഹനം വിട്ടുനൽകൂ. അല്ലെങ്കിൽ പിന്നീട് വാഹനം വിട്ടു നൽകും.
ഒരു വ്യകിതിയുടെ അശ്രദ്ധമൂലമോ, അറിവില്ലായ്മ കൊണ്ടോ അക്ഷമ കൊണ്ടോ സംഭവിക്കുന്നവയാണ് ട്രാഫിക് ചട്ടലംഘന
ങ്ങളിൽ അധികവും. അതുകൊണ്ട് തന്നെ ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടുപിടിച്ച് പിഴടപ്പിക്കുക എന്നത് ശിക്ഷാനടപടി മാത്രമല്ല, മറിച്ച് ശരിയായ രീതിയിലുള്ള ട്രാഫിക് ബോധവൽക്കരണം കൂടിയാണ്. ഇത്രയും ലളിതവും സ്പഷ്ടവുമായ നിയമങ്ങൾ ഉള്ളപ്പോഴാണ് പ്രായം പോലും ചോദ്യം ചെയ്യുന്ന രീതിയിൽ പോലീസുകാർ പെരുമാറുന്നത്. റോഡ് സുരക്ഷയും സാക്ഷരതയുമൊക്കെ ഉണ്ടാകണമെങ്കിൽ ആദ്യം മാറേണ്ടത് നിയമം ഒരാൾക്ക് മാത്രമാണെന്ന ചിലരുടെ ധാരണകൾ തന്നെയാണ്.