Latest NewsNationalUncategorized

പ്രധാനമന്ത്രി മോദിക്ക് താടി വടിക്കാൻ 100 രൂപ മണി ഓർഡർ, കുറിപ്പ്; അസംഘടിത മേഖല തകർന്നതിൽ ചായക്കടക്കാരന്റെ പ്രതിഷേധം

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് താടി വടിക്കുന്നതിനായി 100 രൂപ മണി ഓർഡർ അയച്ച്‌ ചായക്കടക്കാരൻ. മഹാരാഷ്ട്രയിലെ ബരാതിയിലുള്ള അനിൽ മോറെ എന്നയാളാണ് മോദിയ്ക്ക് മണി ഓർഡർ അയച്ചുകൊടുത്തത്. ലോക്ക്ഡൗൺ മൂലം അസംഘടിത മേഖല നേരിടുന്ന പ്രതിസന്ധികളിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ദാപൂർ റോഡിലെ ഒരു സ്വകാര്യ ആശുപത്രിയുടെ എതിർവശത്തായാണ് അനിൽ മോറെ ചെറിയ ചായക്കട നടത്തുന്നത്.

മണി ഓർഡർ മാത്രമല്ല ഒപ്പം ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി താടി വളർത്തി. അദ്ദേഹം എന്തെങ്കിലും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അത് ഈ രാജ്യത്തെ തൊഴിലവസരങ്ങളായിരിക്കണം. ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും, നിലവിലുള്ള മെഡിക്കൽ സൗകര്യങ്ങൾ കൂട്ടാനുള്ള പരിശ്രമങ്ങൾ നടത്തുകയും വേണം.

കഴിഞ്ഞ രണ്ട് ലോക്ക്ഡൗൺ ദുരിതങ്ങളിൽ നിന്ന് ജനങ്ങൾ മുക്തരാണെന്ന് മോദി ഉറപ്പുവരുത്തണം.’

‘നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് അങ്ങേയറ്റം ബഹുമാനവുമുണ്ട്. എന്റെ സമ്പദ്യത്തിൽ നിന്നും 100 രൂപ അദ്ദേഹത്തിന്റെ താടിവടിക്കുന്നതിനായി അയക്കുന്നത് പ്രധാനമന്ത്രിയെ വേദനിപ്പിക്കുവാനല്ല, മറിച്ച്‌ മഹാമാരിമൂലം പാവപ്പെട്ടവരുടെ വളർന്നുവരുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ഒരു മാർഗം മാത്രമാണിത്’. അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞു.

കൊറോണ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും രോഗബാധയാൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് 30,000 രൂപ ധനസഹായം നൽകണം എന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button