യു.പി കോവിഡിനെ സമാനതകളില്ലാത്ത രീതിയില്‍ നേരിട്ടു; പ്രശംസിച്ച് മോദി

ലഖ്നോ: ഉത്തര്‍പ്രദേശ് സമാനതകളില്ലാത്ത രീതിയില്‍ കോവിഡിന്‍റെ രണ്ടാം തരംഗത്തെ നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം.
കോവിഡ് രണ്ടാംതരംഗത്തിന്‍റെ കൊടുമുടിയില്‍ യു.പിയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000ആയിരുന്നു. എങ്കിലും കോവിഡിനെതിരെ നിവര്‍ന്നുനിര്‍ന്ന് കാര്യക്ഷമമായി പോരാടി. മഹാമാരിയെ കൈകാര്യം ചെയ്ത രീതി പ്രശംസക്ക് അര്‍ഹമാണെന്നും മോദി പറഞ്ഞു.
‘യു.പി നിവര്‍ന്നുനിന്ന് വൈറസിനെ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഇന്ത്യയില്‍ ജനസംഖ്യ ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് യുപി അതിനാല്‍ മഹാമാരിയെ നിയന്ത്രിച്ച രീതി പ്രശംസക്ക് അര്‍ഹമാണ്. സമാനതകളില്ലാത്ത രീതിയില്‍ യു.പി കോവിഡിന്‍റെ രണ്ടാംതരംഗത്തെ നേരിട്ടു’ -മോദി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരോടും മുന്‍നിര പ്രവര്‍ത്തകരോടും മോദി ആദരവ് രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ വാക്സിനേഷന്റെ എണ്ണത്തിലും യു.പിയെ പ്രശംസിച്ചു. കോവിന്‍ പ്ലാറ്റ്ഫോമിലുടെ കണക്കുകള്‍ പ്രകാരം 3.89കോടി പേര്‍ യു.പിയില്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാറിനും കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അനുവദിച്ചതിന് പിന്നാലെയാണ് ഭരണകൂടത്തെ പ്രശംസിച്ചുള്ള മോദിയുടെ പ്രസംഗം. കോവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ യു.പി സര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഗംഗയിലൂടെ കോവിഡ് ബാധിതരുടെ മൃതദേഹം ഒഴുകിനടന്നതുള്‍പ്പെടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.