മൊഡേണയുടെ കോവിഡ് വാക്സിൻ ശരീരത്തിൽ വർഷങ്ങളോളം ആന്റിബോഡി നിലനിർത്താൻ സഹായിക്കും.

പാരീസ് /അമേരിക്കയിലെ ബയോ ടെക് കമ്പനിയായ മൊഡേണയുടെ കൊവിഡിനുള്ള എംആർഎൻഎ പ്രതിരോധ വാക്സിൻ ശരീരത്തിൽ വർഷങ്ങളോളം ആന്റിബോഡി നിലനിർത്താൻ സഹായിക്കുമെന്ന് കമ്പനി സിഇഒ സ്റ്റെഫാനി ബൻസെൽ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മൊഡേണ വാക്സിന് യൂറോപ്യൻ കമ്മിഷന്റെ അംഗീകാരം ലഭിച്ചത്. ‘സാധാരണ വാക്സിനുകൾ ഒന്നോ രണ്ടോ മാസം മാത്രമാണ് പ്രതിരോധം നൽകുക. എന്നാൽ മൊഡേണ വാക്സിനിൽ നിന്നുണ്ടാകുന്ന ആന്റിബോഡി മനുഷ്യരിൽ വളരെ സാവധാനം മാത്രമേ നശിക്കുന്നുളളൂ എന്ന് പരീക്ഷണങ്ങളിൽ കണ്ടെത്തി. വാക്സിൻ കുറച്ച് വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രതിരോധം നൽകുമെന്നാണ് കരുതുന്നത്.’ സ്റ്റെഫാനി പറഞ്ഞു.
ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും രൂപപ്പെട്ട പരിവർത്തനം വന്ന കൊവിഡ് രോഗാണുവിനെ തങ്ങളുടെ വാക്സിൻ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് കമ്പനി തെളിയിക്കാൻ പോകുകയാണെന്ന് ബൻസെൽ അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യം കൂടുതൽ പഠന വിധേയമാക്കണം. പുതിയ വാക്സിനുകൾ ആദ്യ കൊവിഡ് രോഗാണുവിനും പരിവർത്തനം വന്ന കൊവിഡ് രോഗാണുവിനും എതിരെ ഫലപ്രദമായിരിക്കണമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു. മൊഡേണ വാക്സിന് ഇതിന് പ്രാപ്തിയുണ്ടാകുമെന്നാണ് കമ്പനി സിഇഒ അവകാശപ്പെടുന്നത്.