മൻസൂർ വധക്കേസ്; ഒരു സിപിഐഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊച്ചിയങ്ങാടി സ്വദേശി നിജിലാണ് കണ്ണൂരിൽ വെച്ച് പിടിയിലായിരിക്കുന്നത്. ഇയാൾ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടുന്നത്.
ആദ്യഘട്ടത്തിൽ പ്രതി പട്ടികയിൽ ഇല്ലാതിരുന്ന വ്യക്തിയാണ് നിജിൽ. എന്നാൽ കൃത്യം നടക്കുമ്പോൾ അക്രമിസംഘത്തോടൊപ്പം നിജിലുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചു. സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനാണ് പ്രതി. മൻസൂറിന്റെ വീട് ആക്രമിക്കാൻ നിജിലാണ് ഗൂഢാലോചന നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സൂചന നൽകുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ലോക്കൽ പൊലീസ് പ്രതികളെ പിടിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. സ്പർജൻകുമാർ ഐപിഎസിനാണ് നിലവിൽ കേസിന്റെ ചുമതല. നിജിൽ കൂടെ പിടിയിലാകുന്നതോടെ എല്ലാ പ്രതികളും അറസ്റ്റിലായതായിട്ടാണ് റിപ്പോർട്ട്. കേസിലെ ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.