CinemaLatest NewsMovieMusicUncategorized

മോഹൻലാലിനെപ്പോലെ തന്നെ കൃത്യനിഷ്ഠയുടെ കാര്യത്തിൽ തന്നെ ഞെട്ടിച്ച യുവനടി; മനസുതുറന്ന് ജിസ് ജോയ്

കുഞ്ചാക്കോ ബോബൻ, വിനയ് ഫോർട്ട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് ഫീൽ ഗുഡ് മൂവിയെന്ന അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമ ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജിസ് ജോയ്. സിനിമാ ജീവിതത്തിൽ തന്നെ സ്വാധീനിച്ച ചിലരെ കുറിച്ചും സിനിമയിലെ ചിലരുടെ കൃത്യനിഷ്ഠയെ കുറിച്ചും സംസാരിക്കുകയാണ് ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ്.

തന്റെ സഹോദരിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് നടി അപർണ ബാലമുരളിയെന്ന് ജിസ് ജോയ് പറയുന്നു. എല്ലാ ദിവസവും വിളിക്കുകയും അവരുടെ വിശേഷങ്ങൾ പറയുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന തന്റെ സ്വന്തം സഹോദരിയാണ് അപർണയെന്നാണ് ജിസ് പറയുന്നത്. ഒരു തരത്തിലും മാറിപ്പോയിട്ടില്ലാത്ത, ഒരു താരജാഡയും വന്നിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാവുന്ന കുട്ടിയാണ് അപർണയെന്നാണ് ജിസ് പറയുന്നത്. അപർണയിൽ നിന്നും കണ്ടുപഠിച്ച ഒരു ക്വാളിറ്റിയെ കുറിച്ചും അഭിമുഖത്തിൽ ജിസ് പറയുന്നു.

സൺഡേ ഹോളിഡെ എന്ന ചിത്രം എടുക്കുമ്ബോൾ എന്റെ അസോസിയേറ്റ് എല്ലാവരോടും നാളെ ആറേമുക്കാൽ മണിക്ക് വരണമെന്ന് പറയും. എന്നാൽ ഒരു ദിവസം പോലും ഞാനോ ഈ മനുഷ്യനോ സെറ്റിലെ വേറെ ആരെങ്കിലുമോ ഈ പറഞ്ഞ ആറേമുക്കാൽ എന്ന സമയത്ത് വന്നിട്ടില്ല. ഏഴര എട്ട് മണിയാകുമ്ബോഴേ എല്ലാവരും എത്തുകയുള്ളൂ.

പക്ഷേ ഈ കുട്ടി എല്ലാ ദിവസവും, സിനിമ തീരുന്നതുവരെ കൃത്യം ആറേമുക്കാലിന് സെറ്റിലെത്തും. പടംതീരാറായ ഒരു ദിവസം ഞങ്ങൾ ചോദിച്ചു, ആറേമുക്കാലിന് എത്തണമെന്ന് പറഞ്ഞാലും ഞങ്ങളൊക്കെ എട്ട് മണിക്കേ എത്തുള്ളൂവെന്ന് നിനക്ക് അറിയില്ലേ പിന്നെ എന്തിനാണ് ആറേമുക്കാലിന് എത്തുന്നതെന്ന് ‘എന്നോട് പറഞ്ഞിരിക്കുന്നത് ആറേമുക്കാൽ അല്ലേ അപ്പോൾ ഞാൻ ആ സമയത്ത് തന്നെ വരും എന്നായിരുന്നു അപർണയുടെ മറുപടി. അത് ഒരാളുടെ ക്വാളിറ്റിയാണ്.

മോഹൻലാലും ഇങ്ങനെ തന്നെയാണെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ലാലുമൊത്ത് തനിക്കുണ്ടായ ഒരു അനുഭവവും ജിസ് ജോയ് പങ്കുവെച്ചു. ‘നിറപറ’ എന്ന ബ്രാൻഡിന് വേണ്ടി രണ്ട് ദിവസം കൊണ്ട് 60 സെക്കന്റുള്ള പത്ത് പരസ്യങ്ങൾ ഞാൻ അദ്ദേഹത്തെ വെച്ച്‌ എടുത്തിരുന്നു. അതൊരു റെക്കോർഡാണ്. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞ് അന്ന് അദ്ദേഹത്തിന് അൽപം നേരത്തെ പോകേണ്ടി വന്നു. പോകുമ്ബോൾ നാളെ എപ്പോൾ വരണമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സാറിന്റെ സമയം, സർ എപ്പോൾ ഒക്കെയാണെങ്കിലും ചെയ്യാമെന്ന് പറഞ്ഞു.

ഞാൻ മനസിൽ കാണുന്നത് അദ്ദേഹം ഒരു ഒൻപതുമണിയൊക്കെ പറയുമെന്നാണ്. ഏഴേകാൽ ഒക്കെയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വളരെ ഒക്കെയാണ് സർ എന്ന് ഞാൻ പറഞ്ഞു. നാളെ ഏഴേകാലിന് കാണാമെന്നും സോറി ഇന്ന് നേരത്തെ പോകേണ്ടതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകുഴപ്പവുമില്ലെന്നും നമ്മൾ ഉദ്ദേശിച്ചതെല്ലാം കിട്ടിയല്ലോ എന്ന് ഞാനും മറുപടി പറഞ്ഞു.

പിറ്റേ ദിവസം ഏഴ് ഇരുപത് ആയപ്പോൾ ഞാൻ സ്റ്റുഡിയോയിലേക്ക് വണ്ടിയുമായി കയറുമ്ബോൾ കാണുന്നത് സ്റ്റുഡിയോയ്ക്ക് മുൻപിൽ മേജർ രവി സാറും പുള്ളിയും കൂടി കസേരയിട്ട് ഇരിക്കുന്നതാണ്. ഞാൻ മുഖം തൊപ്പി വെച്ച്‌ മറച്ച്‌ സൈഡിലൂടെ കാർ പാർക്ക് ചെയ്ത് അകത്തുകയറി. അതാണ് ലാൽ സർ, ജിസ് ജോയ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button