ഞങ്ങളെ സംബന്ധിച്ച് ഏറെ വലുതാണ് ഇത്; അശ്വിന് നന്ദി പറഞ്ഞ് മോഹൻലാൽ

‘ദൃശ്യം 2’ കണ്ട് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം പങ്കുവച്ച ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന് നന്ദി പറഞ്ഞ് മോഹൻലാൽ. ‘ദൃശ്യം 2’നെക്കുറിച്ചുള്ള അശ്വിൻറെ ട്വീറ്റ് വൈറൽ ആയിരുന്നു. ആറായിരത്തോളം ട്വീറ്റുകളും അറുപതിനായിരത്തിലേറെ ലൈക്കുകളും നേടിയ അശ്വിൻറെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മോഹൻലാലിൻറെ മറുപടി ട്വീറ്റ്.
“താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളിൽ നിന്നും ഞങ്ങളുടെ ദൃശ്യം 2 കാണാനും അതെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സംബന്ധിച്ച് ഏറെ വലുതാണ് ഇത്. കരിയറിന് എല്ലാവിധ ഭാവുകങ്ങളും അശ്വിൻ”, മോഹൻലാൽ ട്വീറ്റ് ചെയ്‍തു.
ദൃശ്യം 2 കണ്ടതിൻറെ ആവേശത്തിൽ അശ്വിൻറെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു- “ജോർജുകുട്ടി (മോഹൻലാൽ) കോടതിയിൽ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോൾ ഞാൻ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങൾ ഇനിയും കണ്ടിട്ടില്ലെങ്കിൽ ദയവായി ദൃശ്യം 1 മുതൽ വീണ്ടും ആരംഭിക്കുക. ഗംഭീരം!! ശരിക്കും ഗംഭീരം”.
അതേസമയം ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ അശ്വിനും കരിയറിലെ ഒരു നേട്ടത്തിൻറെ പടിവാതിലിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റ് ക്ലബ്ബിലെത്താൻ അശ്വിന് ആറ് വിക്കറ്റുകൾ കൂടി മതി. 76 ടെസ്റ്റുകളിൽ നിന്ന് 394 വിക്കറ്റുകളാണ് അശ്വിൻറെ സമ്പാദ്യം. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കുന്ന മത്സരം പിങ്ക് ബോളിലാണ്.