നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിഖർ ധവാനെ ചോദ്യം ചെയ്യാൻ ഇ.ഡി
നിയമവിരുദ്ധ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. ന്യൂഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്കാണ് ധവാനെ ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. 1xBet എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
പ്രാഥമിക അന്വേഷണത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കള്ളപ്പണ നിരോധന നിയമം തുടങ്ങി വിവിധ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ആപ്പിൽ നിന്നുള്ള സമ്മാനങ്ങളും പ്രതിഫലങ്ങളും ധവാൻ കൈപ്പറ്റിയതായി ഇ.ഡി സൂചിപ്പിക്കുന്നു.
ഇതിന് മുമ്പ്, സമാന കേസിൽ മുൻ താരം സുരേഷ് റെയ്‌നയെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ, നടന്മാരായ റാണാ ദഗ്ഗുപതി, പ്രകാശ് രാജ് ഉൾപ്പെടെ 25 സിനിമാ താരങ്ങൾക്കെതിരെ വാതുവെപ്പ് ആപ്പുകളുടെ പരസ്യങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് തെലങ്കാന പൊലീസ് കേസെടുത്തിരുന്നു.
തങ്ങളോരോരുത്തരും അനധികൃത വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെ പിന്തുണച്ചിട്ടില്ലെന്നും, നിയമാനുസൃതമായ ഓൺലൈൻ സ്‌കിൽ-ബേസ്ഡ് ഗെയിമുകളെയാണ് പ്രോത്സാഹിപ്പിച്ചതെന്നും പല താരങ്ങളും പിന്നീട് വിശദീകരിച്ചിരുന്നു. കേന്ദ്രം ഓൺലൈൻ ഗെയിമിംഗിന് കര്‍ശന നിയന്ത്രണങ്ങളോടെ നിയമങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇത്തരം അനധികൃത പ്ലാറ്റ്‌ഫോമുകൾക്കെതിരായ നടപടികൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
Tag: Money laundering case related to illegal betting app; ED to question Shikhar Dhawan