ജോസ് കെ.മാണി വിഭാഗം രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനില്‍ക്കും, വിപ്പ് നൽകുമെന്ന് മോന്‍സ് ജോസഫ്

ജോസ് കെ.മാണി വിഭാഗം രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനില്‍ക്കും. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് പാർട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാൻ തീരുമാനിച്ചു.അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യില്ല. ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് ജോസ് മാധ്യമങ്ങളെ കണ്ടത്. കേരളാ കോൺഗ്രസ് എം പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ ആണെന്ന് ജോസ് കെ മാണി ആവർത്തിച്ച് പറഞ്ഞു. സ്വതന്ത്രമായ നിലപാട് എടുക്കാനാണ് തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ആഗസ്ത് 24 നാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 24-നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്.
എന്നാൽ പാർട്ടി എം എൽ എ മാർക്ക് തെരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കാനുള്ള അവകാശം ജോസഫ് പക്ഷത്തിനാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പ്രതികരിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷൻ ഏജന്‍റായി തന്നെ നിയമിച്ചുകൊണ്ടുള്ള കത്ത് പി.ജെ ജോസഫ് നല്‍കിയിട്ടുണ്ടെന്നും അത് പ്രകാരം എല്ലാവർക്കും വിപ്പ് നല്‍കുമെന്നാണ് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞിട്ടുള്ളത്.