Kerala NewsLatest News

സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും സമ്ബര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നത് തടയാനും ഇന്ന് മുതല്‍അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെ എത്തിക്കുകയാണ് ലക്ഷ്യം.

ടെസ്റ്റ് പോസിറ്റിവിറ്റി 15ല്‍ താഴെ എത്തിയെങ്കിലും പല ജില്ലകളിലും ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ഇന്ന് മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ആളുകള്‍ ഈദിവസങ്ങളില്‍ പുറത്തിറങ്ങുന്ന പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം. കര്‍ശനമായ പൊലീസ് പരിശോധനയും ഉണ്ടാകും.

ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങളൊന്നും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി ഉള്ളത്. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴര വരെ തുറന്ന് പ്രവര്‍ത്തിക്കാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കൂ.

റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ (ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം), പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മാംസം , മത്സ്യം, കാലിത്തീറ്റ, കോഴിത്തീറ്റ, മറ്റ് വളര്‍ത്തുജീവികള്‍ക്കുള്ള തീറ്റ തുടങ്ങിയ വില്‍ക്കുന്ന കടകള്‍ തുറക്കാം.

ബേക്കറികള്‍, നിര്‍മാണോപകരണങ്ങള്‍, പ്ലംബിംഗ് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍, വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പോലിസ് പാസും നിര്‍ബന്ധമാണ്.

റെയില്‍വേ- വ്യോമ മാര്‍ഗം വരുന്ന യാത്രക്കാര്‍ ടിക്കറ്റ് കയ്യില്‍ കരുതണം. ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പോലിസ് പരിശോധനയും കൂടുതല്‍ കടുപ്പിക്കും. സത്യവാങ്മൂലം കയ്യില്‍ കരുതാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button